/kalakaumudi/media/media_files/2025/03/30/xpgTHEsreHoT04fVeTI3.jpg)
ആലപ്പുഴ: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റില്‍. തമിഴ് നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് മധുരയില്‍ ഒളിവില്‍ കഴിയുന്നതിനിടെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കുറുവ സംഘത്തിന്റെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പൊലിസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തകേസിലെ അവസാന കണ്ണിയായ കട്ടുപൂച്ചനിലേക്ക് എത്തിയത്.
പുന്നപ്രയില്‍ വീട് കയറി സ്വര്‍ണം കവര്‍ന്നകേസിലാണ് അറസ്റ്റ്. 56 കാരനായ കട്ടുപൂച്ചന്‍ ഉഗ്ര ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. 2012 ല്‍ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടില്‍ കയറി അവരെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ഇയാള്‍ പിടിയിലായതാണ്.
അന്ന് കട്ടുപൂച്ചനെ 18 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നെങ്കിലും കോവിഡ് കാലത്ത് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തില്‍ മറ്റിടങ്ങളിലും തമിഴ്‌നാട്ടിലും കട്ടുപൂച്ചനെതിരെ നിരവധി കേസുകളുണ്ട്.