/kalakaumudi/media/media_files/2025/06/27/fb_img_1750948193625-2025-06-27-08-48-09.jpg)
കൊട്ടാരക്കര : വ്യാജ വാറ്റ് നടക്കുന്ന വിവരം എക്സൈസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് എട്ടുവർഷം ശിക്ഷയും പിഴയും വിധിച്ച് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി.
പുത്തൂർ കൈതക്കോട് ഓതിരമുകളിൽ രഞ്ജിത്തിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ പുത്തൂർ കൈതക്കോട് സ്വദേശികളായ അജിത്ത്, സഹോദരങ്ങളായ ജിജോ മാത്യു, സിജോ മാത്യു, അനുരാഗ്, സുരേഷ് എന്നിവർക്ക് എട്ടു വർഷം തടവും ഓരോ ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഒന്നാം പ്രതി വേടൻ സുരേഷിന്റെ വ്യാജ വാറ്റ് സംബന്ധിച്ചു എക്‌സൈസിനു വിവരം നൽകിയതിൽ ഉള്ള വൈരാഗ്യമാണ് പ്രതികൾ രഞ്ജിത്തിനെ വധിക്കാൻ ശ്രമിച്ചതിനുള്ള കാരണമെന്നാണ് കേസ്.
2015 സെപ്റ്റംബർ 9 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുണ്ടറയിലെ ഇരുചക്രവാഹന ഷോറൂമിലെ ജീവനക്കാരനായിരുന്ന രഞ്ജിത്ത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ബൈക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കണം എന്ന് പറഞ്ഞു വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ 16 ലധികം വെട്ടേറ്റിരുന്നു.
പ്രതികളുടെ വെട്ടേറ്റ് സ്പൈനൽ കോഡ് തകർന്നു പോയ നിലയിൽ പരിക്ക് പറ്റിയ രഞ്ജിത്തിന് വേണ്ടി ജില്ലാ ലീഗൽ സർവീസ് അതോരിറ്റിക്ക് വിക്ടിം കോമ്പൻസേഷനു ശുപാർശ ചെയ്തിട്ടുണ്ട്.
അക്രമത്തിന് ഉപയോഗിച്ച വെട്ടുകത്തി,കൊടുവാൾ തുടങ്ങിയ മാരകായുധങ്ങളും, പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.