'പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി വിഷം നല്‍കി'; കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

മാലിപ്പാറയിലുള്ള പെണ്‍സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് അന്‍സിലിന്റെ ഉള്ളില്‍ വിഷംചെന്നത്.

author-image
Jayakrishnan R
New Update
Crime



കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം.

പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ സുഹൃത്തിനോടു പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ മുപ്പതുകാരിയെ കോതമംഗലം പൊലീസ്  കസ്റ്റഡിയിലെടുത്തത്.

മാലിപ്പാറയിലുള്ള പെണ്‍സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് അന്‍സിലിന്റെ ഉള്ളില്‍ വിഷംചെന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു ഇത്. തുടര്‍ന്ന് അന്‍സിലും പെണ്‍സുഹൃത്തും ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നാണ് വിവരം. പൊലീസെത്തി  ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ 12.20 വരെ അന്‍സില്‍ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്നു. പിന്നീടാണ് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത്. പെണ്‍സുഹൃത്തുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു. 

അതിനിടെ, അന്‍സിലിന്റെ ഭാഗത്തുനിന്ന് യുവതിക്ക് ചില ദുരനുഭവങ്ങളുണ്ടാകുകയും തുടര്‍ന്ന് ഇയാളെ കരുതിക്കൂട്ടി വിളിച്ചുവരുത്തി വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് സൂചന. അന്‍സിലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. 

death Crime