ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ യുവാവ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗം ചെയ്തു

സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്

author-image
Vineeth Sudhakar
New Update
FZDS

Rep. Img.

ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ യുവാവ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്.
പാചക വാതക കണക്ഷന്‍ ശരിയാക്കാന്‍ ഗ്യാസ് ഏജന്‍സിയില്‍ പോകാനെന്ന് പറഞ്ഞാണ് യുവതിയുമായി ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഗ്യാസ് ഏജന്‍സിയിലേക്ക് പോകുന്നതിന് പകരം വീട്ടില്‍ നിന്നും കുറച്ചകലെയുള്ള യൂക്കാലിക്കാടിന് സമീപത്തേക്ക് എത്തി. അവിടെ വച്ച് ഭര്‍ത്താവിന്‍റെ രണ്ട് സുഹൃത്തുക്കളെ കണ്ടുമുട്ടി. അവരില്‍ നിന്ന് 1000 രൂപ വാങ്ങുകയും ചെയ്തു. പണം വാങ്ങിക്കഴിഞ്ഞതോടെ തനിക്ക് അത്യാവശ്യമായി വീടുവരെ പോകേണ്ടതുണ്ടെന്നും സുഹൃത്തുക്കള്‍ ഗ്യാസ് ഏജന്‍സിയിലേക്ക് എത്തിക്കുമെന്നും പറ‍ഞ്ഞു. ഭര്‍ത്താവിനെ വിശ്വസിച്ച് ഇവര്‍ക്കൊപ്പം കയറിപ്പോയ യുവതിയെ കാട്ടിലേക്ക് കയറ്റി ഇവര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. അലറിക്കരഞ്ഞതോടെ യുവതിയുടെ വായ പൊത്തിപ്പിടിച്ചു. കൂടുതല്‍ കരയേണ്ടെന്നും ഭര്‍ത്താവിന് പണം കൊടുത്തിട്ടാണ് വന്നതെന്നും ഇവര്‍ വെളിപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ബലാല്‍സംഗത്തിന് ശേഷം യുവതിയെ കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. 
മുറിവേറ്റ് അവശനിലയിലായ യുവതി ഒരുവിധത്തില്‍ വീട്ടിലെത്തി. വിവരം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ 'നിന്നെ വിറ്റ് ഞാന്‍ ജീവിക്കുമെന്നാ'യിരുന്നു മറുപടി. ഇതോടെ വിവരം വീട്ടില്‍ അറിയിച്ച യുവതി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്