/kalakaumudi/media/media_files/2026/02/28/img_2926-2026-02-28-19-58-00.jpeg)
പൂച്ചാക്കൽ: മാസങ്ങൾ നീണ്ട ഒളിച്ചുകളിക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിൽ ഭർതൃവീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി പോലീസ് വലയിലായി. ചേർത്തല എസ്.എൽ പുരം കോർത്തുശേരിൽ ആതിര (26) ആണ് കോട്ടയത്തെ ഒളിസങ്കേതത്തിൽ നിന്ന് പൂച്ചാക്കൽ പോലീസിന്റെ പിടിയിലായത്. 35 പവൻ സ്വർണ്ണവും പണവും കവർന്ന ശേഷം പോലീസിനെയും വീട്ടുകാരെയും ഒരുപോലെ വട്ടംകറക്കിയ പ്രതിയുടെ അറസ്റ്റ് സിനിമാ സ്‌റ്റൈലിലാണ് നടന്നത്.
മണപ്പുറം കൊച്ചുപറമ്പിൽ രഘുനാഥന്റെ വീട്ടിലായിരുന്നു ആതിരയുടെ 'കൈവരി'. അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണ്ണവും, ഡയമണ്ട് സ്റ്റഡും, 30,000 രൂപയുമാണ് യുവതി തട്ടിയെടുത്തത്. 2024 നവംബറിൽ ഭർതൃമാതാവ് ചിട്ടി പിടിച്ചുവെച്ച തുകയിൽ കുറവ് കണ്ടതോടെയാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്.
തുടക്കത്തിൽ ഒന്നും അറിയാത്ത ഭാവം നടിച്ച ആതിര, പോലീസ് അന്വേഷണം തുടങ്ങിയതോടെ സ്വന്തം വീട്ടിലേക്ക് താമസം മാറി. എന്നാൽ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് പിന്നീട് ഭർത്താവിനെ വിളിച്ചുവരുത്തി താനാണ് മോഷ്ടാവെന്ന് കുറ്റസമ്മതം നടത്തി. ഇതോടെ കേസ് ഒത്തുതീർപ്പാകുമെന്ന് കരുതിയെങ്കിലും കഥ അവിടെ തുടങ്ങുകയായിരുന്നു.
മോഷ്ടിച്ച സ്വർണ്ണത്തിന് പകരം പുതിയത് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 2024 ഓഗസ്റ്റിൽ ആതിര ഭർതൃവീട്ടുകാരെ കൊച്ചിയിലെ പ്രമുഖ ജ്വല്ലറിയിലേക്ക് വിളിച്ചുവരുത്തി. അച്ഛനും സഹോദരിക്കുമൊപ്പമെത്തിയ ആതിര, അവിടെ വെച്ച് കണക്കുപ്രകാരം സ്വർണ്ണം വാങ്ങി. എന്നാൽ സ്വർണ്ണം കയ്യിൽ കിട്ടിയതോടെ പുതിയ അടവ് പുറത്തെടുത്തു.
"ഓഫീസിൽ വെച്ച് സ്വർണ്ണം കൈമാറി കേസ് ഔദ്യോഗികമായി തീർപ്പാക്കാം" എന്ന് വിശ്വസിപ്പിച്ച് ജ്വല്ലറിയിൽ നിന്നിറങ്ങിയ ആതിര, കണ്ണടച്ചു തുറക്കും മുൻപേ സ്വർണ്ണവുമായി വീണ്ടും മുങ്ങി.
ജ്വല്ലറിയിൽ വെച്ച് വീണ്ടും കബളിപ്പിക്കപ്പെട്ടതോടെ വീട്ടുകാർ നിയമപോരാട്ടം ശക്തമാക്കി. ആതിര നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ പോലീസ് വല വിരിച്ചെങ്കിലും വിവിധ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞ് ആതിര പോലീസിനെ വെട്ടിച്ചു. ഒടുവിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തെ ഒളിത്താവളം വളഞ്ഞ പൂച്ചാക്കൽ പോലീസ് വ്യാഴാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച സ്വർണ്ണവും പണവും എവിടെയെന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
