പരീക്ഷാഹാളിൽ നിന്ന് ശുചിമുറിയിലേക്ക്; പത്താം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നൽകി

മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സിനിമാക്കഥയെ പോലും വെല്ലുന്ന ഈ സംഭവം നടന്നത്.

author-image
Vineeth Sudhakar
New Update
pocso

ഭോപ്പാൽ: മധ്യപ്രദേശിൽ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കിടെ നാടകീയ സംഭവങ്ങൾ. കണക്ക് പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർത്ഥിനി പരീക്ഷാഹാളിന് സമീപത്തെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സിനിമാക്കഥയെ പോലും വെല്ലുന്ന ഈ സംഭവം നടന്നത്.

വ്യാഴാഴ്ച രാവിലെ പത്താം ക്ലാസിലെ നിർണ്ണായകമായ കണക്ക് പരീക്ഷ നടക്കുകയായിരുന്നു. പരീക്ഷ തുടങ്ങി അല്പസമയത്തിന് ശേഷം വിദ്യാർത്ഥിനി കഠിനമായ വയറുവേദന അനുഭവപ്പെടുന്നതായി ഇൻവിജിലേറ്ററെ അറിയിച്ചു. തുടർന്ന് അധ്യാപകരുടെ അനുവാദത്തോടെ പെൺകുട്ടി ശുചിമുറിയിലേക്ക് പോയി.

കുറേസമയം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി തിരികെ വരാത്തതിനെത്തുടർന്ന് വനിതാ അധ്യാപകർ അന്വേഷിച്ചു ചെന്നപ്പോഴാണ് ശുചിമുറിക്കുള്ളിൽ പെൺകുട്ടി പ്രസവിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം നടന്ന ഉടൻ തന്നെ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലയുള്ളവർ ആംബുലൻസ് വിളിക്കുകയും അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു.വിദ്യാർത്ഥിനി ഗർഭിണിയാണെന്ന വിവരം സ്കൂൾ അധികൃതരോ സഹപാഠികളോ അറിഞ്ഞിരുന്നില്ല. സാധാരണ വസ്ത്രധാരണ രീതിയായതിനാൽ ഗർഭലക്ഷണങ്ങൾ പുറമേക്ക് പ്രകടമായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.പതിനാറു വയസ്സുകാരിയായ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ഗർഭിണിയായ സാഹചര്യം, ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും ചേർന്ന് പരിശോധിച്ച് വരികയാണ്. വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങളിൽ നിന്നും പോലീസ് മൊഴിയെടുക്കും.