ബാധ ഒഴിപ്പിക്കാൻ 4 വയസുകാരിയെ ബെൽറ്റ് കൊണ്ടടിച്ചു, പൊള്ളിച്ചു, ലൈംഗികപീഡനവും; പ്രതിക്ക് ജീവപര്യന്തം

നാലുവയസുകാരിയെ പീഡിപ്പിച്ച 'മന്ത്രവാദിക്ക്' ജീവപര്യന്തം ശിക്ഷ; പുനലൂർ കോടതിയുടെ വിധി

author-image
Vineeth Sudhakar
New Update
IMG_2956

പുനലൂർ: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നാലുവയസുകാരിയായ തമിഴ് പെൺകുട്ടിയെ ക്രൂരമായ ലൈംഗിക-ശാരീരിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. തമിഴ്‌നാട് നാഗപട്ടണം സ്വദേശിയും കൊല്ലം വെസ്റ്റ് ലക്ഷ്മിനടയിൽ വാടകയ്ക്ക് താമസക്കാരനുമായ കലൈവാണൻ കാമരാജിനെയാണ് (40) പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.

പുനലൂർ സ്പെഷ്യൽ കോടതി ജഡ്ജി അരവിന്ദ് ബി. ഇടയോടിയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക ഒടുക്കാത്ത പക്ഷം പ്രതി മൂന്ന് വർഷം കൂടി കഠിനതടവ് അനുഭവിക്കണം.

ക്രൂരതയുടെ പശ്ചാത്തലം

2023 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയോടൊപ്പം കൊല്ലത്ത് വാടകയ്ക്ക് താമസിച്ചുവന്ന തമിഴ് വംശജയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ ദേഹത്ത് 'ബാധ' കയറിയെന്ന് വിശ്വസിപ്പിച്ച് പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ലൈംഗിക പീഡനത്തിന് പുറമെ ശാരീരികമായും കുട്ടി ക്രൂരതയ്ക്ക് ഇരയായി.

മർദ്ദനം: ബെൽറ്റ് ഉപയോഗിച്ച് കുട്ടിയെ അതിക്രൂരമായി അടിച്ചു.

പൊള്ളിച്ചു: സിഗരറ്റ് കുറ്റികൊണ്ട് പെൺകുട്ടിയുടെ നെഞ്ചത്തും കാലിലും പൊള്ളലേൽപ്പിച്ചു.

നിയമനടപടികൾ

പോക്‌സോ (POCSO), ഐ.പി.സി, ബാലനീതി നിയമങ്ങൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. അതിജീവിതയായ പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.