മോഷണം നടത്തി 'പൂസായി' മടക്കം; കുപ്രസിദ്ധ പമ്പ് മോഷ്ടാവ് പിടിയിൽ

വിവിധ ജില്ലകളിലെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചകൾ നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കുന്നമംഗലം സ്വദേശി അവിനാഷ് (48) എറണാകുളത്ത് പിടിയിലായി

author-image
Vineeth Sudhakar
New Update
IMG_2959

കോഴിക്കോട്: വിവിധ ജില്ലകളിലെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചകൾ നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കുന്നമംഗലം സ്വദേശി അവിനാഷ് (48) എറണാകുളത്ത് പിടിയിലായി. മുനമ്പത്ത് മോഷണം നടത്തി മടങ്ങുന്നതിനിടെ കവർച്ചാമുതലിലുണ്ടായിരുന്ന മദ്യം സേവിച്ച് ലഹരിയിലായ പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ പള്ളിപ്പുറം മുനമ്പം ഭാഗത്തായിരുന്നു പ്രതിയുടെ 'കൈവരി'. മുനമ്പം അങ്ങാടിയിലെ ആരാധന ഹോട്ടലിൽ നിന്ന് 400 രൂപയും സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് 25,000 രൂപയും പ്രതി കവർന്നു. ഹോട്ടലിൽ നിന്ന് പണത്തോടൊപ്പം കവർന്ന മദ്യം അവിടെവെച്ചുതന്നെ കുടിച്ച ശേഷമാണ് പ്രതി സ്ഥലംവിട്ടത്.

മാല്യങ്കര ഭാഗത്ത് വെച്ച് ലഹരിയിൽ വേച്ചുപോയ പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഓട്ടോറിക്ഷ ഡ്രൈവർ ഷൈബു, വാർഡ് മെമ്പർ ബിൻഷാദ്, നാട്ടുകാരനായ വിഷ്ണു എന്നിവർ ചേർന്ന് തടഞ്ഞുനിർത്തി. കൈവശം വൻതുക കണ്ടതോടെ സംശയം തോന്നിയ ഇവർ ഉടൻ മുനമ്പം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പമ്പുടമയുടെ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിരിക്കെയാണ് നാട്ടുകാർ പ്രതിയെ പിടികൂടിയത്. പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.