കുപ്രസിദ്ധ മോഷ്ടാവ് 'തീവെട്ടി ബാബുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

സംസ്ഥാനത്തുടനീളം നൂറ്റിയിരുപതിലേറെ മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം പൂതക്കുളം സ്വദേശി 'തീവെട്ടി ബാബു' പിടിയിലായി

author-image
Vineeth Sudhakar
New Update
IMG_3016

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം നൂറ്റിയിരുപതിലേറെ മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം പൂതക്കുളം സ്വദേശി 'തീവെട്ടി ബാബു' പിടിയിലായി. കണിയാപുരത്തെ ഒരു വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടെ ഞായറാഴ്ച രാത്രിയാണ് ഇയാൾ നാട്ടുകാരുടെ വലയിലായത്. വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. അപകടം മണത്ത ബാബു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, അരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിനടുത്തുള്ള ഒളിത്താവളത്തിൽ നിന്ന് നാട്ടുകാർ ഇയാളെ പിടികൂടി മംഗലപുരം പോലീസിന് കൈമാറി. സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പിടിയിലായത് കേരളത്തിലെ എല്ലാ ജില്ലകളിലും മോഷണക്കേസുകളിൽ പ്രതിയായ തീവെട്ടി ബാബുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

മുമ്പ് വക്കീൽ ഗുമസ്തനായി ജോലി ചെയ്തിരുന്ന ബാബു, തനിക്കെതിരെയുള്ള കേസുകളെല്ലാം കോടതിയിൽ സ്വയം വാദിക്കുന്ന രീതിയാണ് പിന്തുടരുന്നത്. നിയമവശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഇയാൾ, ഒരു കേസിൽ ജാമ്യത്തിലിറങ്ങിയാൽ ഉടൻ മറ്റൊരു ജില്ലയിലേക്ക് കടക്കുകയും അവിടെ താമസിച്ച് പരമ്പരയായി മോഷണങ്ങൾ നടത്തുകയുമാണ് പതിവ്. കഴിഞ്ഞ ഒക്ടോബറിൽ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയിരുന്നു. എന്നാൽ പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബാബു വീണ്ടും മോഷണങ്ങളിൽ സജീവമാകുകയായിരുന്നു. പിടികൂടിയ ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ സമീപകാലത്ത് നടന്ന മറ്റ് മോഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.