കടുത്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം സംക്രാന്തി സ്വദേശികളായ ആൽബിൻ ബാബു, നാദിർഷ എന്നിവരാണ് അറസ്റ്റിലായത്.

author-image
Vineeth Sudhakar
New Update
IMG_3019

കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടയിലൊന്നിൽ 150 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കടുത്തുരുത്തി പൊലീസ് പിടികൂടി. കോട്ടയം സംക്രാന്തി സ്വദേശികളായ ആൽബിൻ ബാബു, നാദിർഷ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് കാർ മാർഗ്ഗം കോട്ടയത്തേക്ക് വിൽപ്പനയ്ക്കായി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കടുത്തുരുത്തി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പൊലീസിനെ കണ്ടതോടെ കാർ അതിവേഗത്തിൽ ഓടിച്ചുപോയി രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും സാഹസികമായ നീക്കത്തിലൂടെ പൊലീസ് ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.

പിടിയിലായ രണ്ടുപേരും മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വെളിപ്പെടുത്തി. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ജില്ലയിലെ മയക്കുമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കടുത്തുരുത്തി മേഖലയിൽ ലഹരി വിരുദ്ധ പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.