തലയോലപ്പറമ്പിൽ സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയുടെ മാല കവർന്ന പ്രതി പിടിയിൽ; സിസിടിവി ദൃശ്യങ്ങൾ തുമ്പായി

തലയോലപ്പറമ്പ് ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചാണ് ഇയാൾ മാല കവർച്ച നടത്തിയതെന്ന് പോലീസ് കണ്ടെത്തി. വാഹന മോഷ്ടാവുകൂടിയായ ഇയാൾക്കെതിരെ നിലവിൽ അഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്

author-image
Vineeth Sudhakar
New Update
IMG_3020

കോട്ടയം: തലയോലപ്പറമ്പിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപികയുടെ കഴുത്തിൽ നിന്ന് രണ്ടര പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിൽ മൂവാറ്റുപുഴ സ്വദേശി പോലീസ് പിടിയിലായി. മൂവാറ്റുപുഴ സി.ടി രജീഷ് (39) ആണ് തലയോലപ്പറമ്പ് പോലീസിന്റെ വലയിലായത്. കഴിഞ്ഞ ശനിയാഴ്ച മേതിപാറ, രാമമംഗലം ഭാഗത്ത് വെച്ചാണ് ഇയാളെ പോലീസ് സാഹസികമായി പിടികൂടിയത്. ഫെബ്രുവരി 24-ന് വൈകിട്ട് നാല് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം-ഏറ്റുമാനൂർ റോഡിൽ വടയാർ വരിക്കാംകുന്ന് ഭാഗത്ത് വെച്ച് സ്കൂട്ടറിൽ പോകുകയായിരുന്ന അധ്യാപികയെ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി മാല കവരുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ചാരനിറത്തിലുള്ള ഫുൾകൈ ടി-ഷർട്ട് ധരിച്ച് ബൈക്കിലെത്തിയ ആളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. തുടർന്ന് വാഹന നമ്പറും ഫോൺ ലൊക്കേഷനും അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാൾ ഒളിപ്പിച്ചുവെച്ചിരുന്ന അധ്യാപികയുടെ സ്വർണ്ണമാലയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുമ്പും സമാനമായ നിരവധി കേസുകളിൽ പ്രതിയായ രജീഷ് കഴിഞ്ഞ വർഷം ഒക്ടോബറിൽ വൈക്കം സ്വദേശിനിയുടെ മാലയും സമാന രീതിയിൽ കവർന്നിരുന്നു.

തലയോലപ്പറമ്പ് ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചാണ് ഇയാൾ മാല കവർച്ച നടത്തിയതെന്ന് പോലീസ് കണ്ടെത്തി. വാഹന മോഷ്ടാവുകൂടിയായ ഇയാൾക്കെതിരെ നിലവിൽ അഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മേഖലയിലെ മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.