കൃഷ്ണപുരത്തെ വിറപ്പിച്ച 'കാക്ക ഷാൻ' ഒടുവിൽ പോലീസ് വലയിലായി

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ കാ​യം​കു​ളം ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്ഐ​മാ​രാ​യ ര​തീ​ഷ് ബാ​ബു, പ്രേം​ജി​ത്ത് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, റെ​ജി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഖി​ൽ മു​ര​ളി, അ​നു, പ്ര​വീ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

author-image
Vineeth Sudhakar
New Update
IMG_3048

ആലപ്പുഴ: കായംകുളത്തെയും പരിസരപ്രദേശങ്ങളെയും ഭീതിയുടെ നിഴലിലാഴ്ത്തിയ കുപ്രസിദ്ധ ഗുണ്ട 'കാക്ക ഷാൻ' ഒടുവിൽ പോലീസ് പിടിയിലായി. കൃഷ്ണപുരത്ത് യുവാക്കളെ വീട്ടിനുള്ളിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ക്രൂരമായ അക്രമത്തിന് ശേഷം മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 27 വയസ്സുകാരനായ ഷാനിനെ അതിസാഹസികമായാണ് കായംകുളം പോലീസ് പിടികൂടിയത്.

നാടിനെ നടുക്കിയ ആ പഴയ 'സിനിമ സ്റ്റൈൽ' അക്രമത്തിന്റെ ഒന്നാം പ്രതിയാണ് ഷാൻ. കഴിഞ്ഞ നവംബർ നാലിന് അർദ്ധരാത്രിയിലായിരുന്നു കൃഷ്ണപുരത്തെ ഒരു വീട് ലക്ഷ്യമാക്കി ഷാനും സംഘവും എത്തിയത്. മാരകായുധങ്ങളുമായി വീട് വളഞ്ഞ ഗുണ്ടകൾ അകത്തുണ്ടായിരുന്ന യുവാക്കളെ വാളുകൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. വെറുതെ വെട്ടിപ്പരിക്കേൽപ്പിക്കുക മാത്രമല്ല, അക്രമിസംഘം അവിടെ താണ്ഡവമാടുകയും ചെയ്തു. വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളും സ്കൂട്ടറും അടിച്ചുതകർത്ത് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ശേഷമാണ് കാക്ക ഷാനും കൂട്ടാളികളും അന്ന് രാത്രിയിൽ അപ്രത്യക്ഷരായത്.

സംഭവത്തിന് ശേഷം ഷാൻ ഒളിവിൽ പോയതോടെ പോലീസ് ഇയാൾക്കായി വല വിരിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയും രഹസ്യ വിവരങ്ങൾ പിന്തുടർന്നുമായിരുന്നു പോലീസിന്റെ നീക്കം. ഒടുവിൽ കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ എസ്ഐമാരായ രതീഷ് ബാബു, പ്രേംജിത്ത് കുമാർ, എഎസ്‌ഐമാരായ സജീവ് കുമാർ, റെജി എന്നിവരടങ്ങിയ സംഘം ഇയാളെ പൊക്കി. സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ മുരളി, അനു, പ്രവീൺ എന്നിവരും ഈ 'ഓപ്പറേഷൻ ഷാനി'ൽ പങ്കാളികളായി.

കാക്ക ഷാൻ പിടിയിലായതോടെ പ്രദേശത്തെ ഗുണ്ടാസംഘങ്ങൾക്കിടയിൽ ചെറിയൊരു നടുക്കം ഉണ്ടായിട്ടുണ്ട്. ഇയാൾക്ക് മറ്റേതെങ്കിലും ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിച്ചിരുന്നോ എന്നും പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവെടുപ്പുകൾ നടക്കുമെന്നാണ് സൂചന.