/kalakaumudi/media/media_files/2026/03/04/img_3050-2026-03-04-13-07-08.jpeg)
കൊച്ചി: അങ്കമാലിയിൽ നാടിനെ നടുക്കിയ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ ജാസ്‌ലിയയുടെ വേർപാടിൽ നൊമ്പരത്തിനൊപ്പം തന്നെ പ്രതിഷേധവും കത്തുന്നു. അപകടമുണ്ടാക്കി മുങ്ങിയ കാറോടിച്ചിരുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയായ ഡോക്ടർ സിറിയക്കിനെ ഇതുവരെ പിടികൂടാത്തതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജോർജ് തോമസിന്റെ മകനായ ഈ യുവ ഡോക്ടർ നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുന്നതിനെതിരെ ജാസ്‌ലിയ പഠിച്ചിരുന്ന മോർണിംഗ് സ്റ്റാർ കോളേജിലെ സഹപാഠികളും അധ്യാപകരും ഒന്നടങ്കം അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയുടെ നീതിക്കായി സംസാരിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ, ജാസ്‌ലിയയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം വലിയൊരു പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന കടുത്ത നിലപാടിലാണ് അധ്യാപകരും വിദ്യാർത്ഥികളും. പ്രതിക്ക് രക്ഷപെടാൻ പോലീസ് പഴുതൊരുക്കുന്നുണ്ടോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ ചർച്ചയാകുന്നത്.
അതേസമയം, പ്രതി ഒളിവിൽ പോയതാണെന്നും ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നുമാണ് അങ്കമാലി എസ്.എച്ച്.ഒ നൽകുന്ന വിശദീകരണം. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അങ്കമാലി ടെക് ജങ്ഷന് സമീപം വെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ആ അപകടം നടന്നത്. അമിതവേഗതയിലെത്തിയ കാർ ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മസ്തിഷ്ക മരണം സംഭവിച്ച ജാസ്‌ലിയ മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമായാണ് യാത്രയാകുന്നത്. ആ പ്രിയപ്പെട്ട പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ വീട്ടുകാർ സമ്മതിച്ചതോടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും, നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കും കൈമാറി. നാട് മുഴുവൻ ജാസ്‌ലിയയുടെ വിയോഗത്തിൽ വിതുമ്പുമ്പോൾ, ആ പിഞ്ചുജീവനെടുത്ത ആൾ സുരക്ഷിതമായി ഒളിവിൽ കഴിയുന്നത് ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
