/kalakaumudi/media/media_files/2026/03/05/img_3070-2026-03-05-12-17-03.jpeg)
മലപ്പുറം നിലമ്പൂർ, അമരമ്പലം പരിസരങ്ങളിലെ നിർമ്മാണത്തിലിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് വയറിങ് സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ചുളിയോട് പരത സ്വദേശികളായ ഒടുക്കൻ ജിത്തു (28), നറുക്കിൽ ശ്രീജിത്ത് (28) എന്നിവരെ പൂക്കോട്ടുംപാടം പോലീസാണ് അറസ്റ്റ് ചെയ്തത്. വയറിങ് ജോലികൾ പൂർത്തിയായ വീടുകൾ തെരഞ്ഞുപിടിച്ചായിരുന്നു ഇവരുടെ മോഷണം. ടൈൽസ് ജോലി ചെയ്തിരുന്ന പ്രതികളിലൊരാൾ, ജോലിക്കായി പോകുന്ന വീടുകൾ മുൻകൂട്ടി നിരീക്ഷിച്ച് മോഷണത്തിന് പാകമായ സ്ഥലങ്ങൾ കണ്ടെത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.
മോഷ്ടിക്കുന്ന വയറുകളുടെ വിപണി വില വളരെ കുറവാണെങ്കിലും, സീലിങ് പൊളിച്ചുമാറ്റി മോഷണം നടത്തുന്നത് വീടുടമകൾക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. എടവണ്ണ, എടക്കര തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏകദേശം 22 ഓളം വീടുകളിൽ ഇവർ സമാനമായ രീതിയിൽ മോഷണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പറയങ്കാട് മേലേടത്ത് ഹസ്‌ക്കറിന്റെ വീട്ടിൽ നടന്ന മോഷണത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേർന്നത്. പൂക്കോട്ടുംപാടം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
