/kalakaumudi/media/media_files/2026/03/05/img_3086-2026-03-05-12-33-16.webp)
കട്ടപ്പന പുളിയന്‍മല റോഡിലെ പെട്രോള്‍ പമ്പിന് സമീപം നെല്ലിക്കല്‍ ജോസഫ് തോമസിന്റെ വീട്ടിൽ നടന്ന വൻ മോഷണത്തിൽ 16 ലക്ഷം രൂപ നഷ്ടപ്പെട്ടു. വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ സമയത്താണ് മോഷ്ടാവ് കൃത്യം നടത്തിയത്. വീടും സ്ഥാപനവും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഫെബ്രുവരി 14-ന് രാത്രി 8.30-ഓടെ ചെടിച്ചട്ടിയിൽ താക്കോൽ ഒളിപ്പിച്ച ശേഷം വീട്ടുകാർ പള്ളിപ്പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഈ തക്കം നോക്കി എത്തിയ മോഷ്ടാവ് സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തി അകത്തുകയറി. തുടർന്ന് മുകൾനിലയിലെത്തി താക്കോൽ ഉപയോഗിച്ച് വീട് തുറന്ന ശേഷം പണം മോഷ്ടിക്കുകയായിരുന്നു.
വീട്ടിൽ കൂടുതൽ പണം ഉണ്ടായിരുന്നെങ്കിലും അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ മാത്രമാണ് മോഷ്ടാവ് തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. മറ്റു വസ്തുക്കളൊന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് ഫെബ്രുവരി 16-നാണ് പണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ തിരിച്ചറിയുന്നത്. തുടർന്ന് സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പള്ളിപ്പെരുന്നാളിന് പോയ സമയത്താണ് മോഷണം നടന്നതെന്ന് വ്യക്തമായത്.
മുഖം മറച്ചെത്തിയ മോഷ്ടാവ് വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ധരിച്ചിരുന്നു. ശരീരഭാഷ പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള വസ്ത്രധാരണമാണ് മോഷ്ടാവ് സ്വീകരിച്ചത്. വീടിന്റെയും സ്ഥാപനത്തിന്റെയും ഘടനയെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കട്ടപ്പന പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
