വിദ്യാർത്ഥിയുടെ പരാതിയിൽ അധ്യാപികമാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

2018-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അധ്യാപികമാർ നിയമനടപടികൾ നേരിടേണ്ടി വന്നത്.

author-image
Vineeth Sudhakar
New Update
court

കോഴിക്കോട് ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് അധ്യാപികമാർക്കെതിരെ പത്താം ക്ലാസ് വിദ്യാർത്ഥി നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. അധ്യാപികമാർക്കെതിരെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ നിലനിന്നിരുന്ന കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് സി. പ്രതീപ് കുമാർ റദ്ദാക്കിയത്. 2018-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അധ്യാപികമാർ നിയമനടപടികൾ നേരിടേണ്ടി വന്നത്.

കെമിസ്ട്രി നോട്ട് എഴുതാത്തതിന് അധ്യാപിക വടികൊണ്ട് മർദ്ദിച്ചുവെന്നും, തുടർന്ന് നോട്ടെഴുതാത്ത വിവരം വീട്ടിലെത്തി അമ്മയോട് വെളിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു വിദ്യാർത്ഥി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പരിക്കേൽപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി ബേപ്പൂർ പൊലീസ് അന്ന് കേസെടുക്കുകയായിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ ഈ കേസ് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കേസ് പരിഗണിക്കുന്നതിനിടയിൽ കോടതി നടത്തിയ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. വിദ്യാർത്ഥിയുടെ മൊഴിയിൽ അധ്യാപിക അടിച്ചതിനേക്കാൾ കൂടുതൽ തന്നെ വേദനിപ്പിച്ചത് ക്ലാസ് ടീച്ചർ വീട്ടിലെത്തി അമ്മയോട് വിവരങ്ങൾ പങ്കുവെച്ചതാണ് എന്നാണ് പറയുന്നത്. എന്നാൽ, വീട്ടിലെത്തി രക്ഷിതാവിനോട് വിവരം അറിയിച്ചത് കുട്ടിയുടെ ഭാവിയെ കരുതി നൽകിയ ഉപദേശം മാത്രമായാണ് കാണേണ്ടതെന്ന് കോടതി വിലയിരുത്തി. കൂടാതെ, കേസിൽ ഉപയോഗിച്ചതായി പറയുന്ന വടി അപകടകരമായ ആയുധമല്ലെന്നും, അതിനാൽ പരിക്കേൽപ്പിച്ചു എന്ന വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. അധ്യാപകരുടെ ഇത്തരം നടപടികൾ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി മാത്രം കണ്ടുകൊണ്ട് ഹൈക്കോടതി കേസ് പൂർണ്ണമായും റദ്ദാക്കുകയായിരുന്നു.