അട്ടപ്പാടിയിലെ കർഷകന്റെ ആത്മഹത്യ: ഭൂമാഫിയയ്ക്കും ഉദ്യോഗസ്ഥർക്കും പങ്കെന്ന് അന്വേഷണ റിപ്പോർട്ട്

താൻ ഉടമസ്ഥതയിലുള്ള ഭൂമി ആർക്കും വിറ്റിട്ടില്ലെന്നും, വ്യാജരേഖകളിലൂടെ ഭൂമി തട്ടിയെടുക്കുകയായിരുന്നുവെന്നും റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

author-image
Vineeth Sudhakar
New Update
IMG_3139

അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളത്തെ കർഷകൻ കൃഷ്ണസ്വാമിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആസൂത്രിതമായ ഭൂമി തട്ടിപ്പ് സംഘമാണെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. താൻ ഉടമസ്ഥതയിലുള്ള ഭൂമി ആർക്കും വിറ്റിട്ടില്ലെന്നും, വ്യാജരേഖകളിലൂടെ ഭൂമി തട്ടിയെടുക്കുകയായിരുന്നുവെന്നും റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടുവെന്ന ഭീതിയും അതീജീവനത്തിനായുള്ള നിയമപോരാട്ടത്തിലെ പരാജയവുമാണ് കർഷകനെ ആത്മഹത്യയിലേക്ക് നയിച്ചത്.

2018-ലാണ് കൃഷ്ണസ്വാമിയുടെ ഭൂമി തട്ടിയെടുക്കാനുള്ള വ്യാജരേഖകൾ ചമച്ചത്. ഈ കൃത്യത്തിന് പിന്നിൽ ആധാരം എഴുത്തുകാർ, വില്ലേജ് ഓഫീസർ, അട്ടപ്പാടി തഹസിൽദാർ, അഗളി സബ് രജിസ്ട്രാർ എന്നിവരുൾപ്പെട്ട ഒരു സംഘമുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തെങ്കര വില്ലേജിലെ ഭൂമിയുടെ പ്രമാണങ്ങൾ ഉപയോഗിച്ചാണ് അഗളിയിലെ ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ നിർമിച്ചത്. ആധാരം രജിസ്റ്റർ ചെയ്യുന്ന വേളയിൽ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കുന്നതിൽ രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തി. കൂടാതെ, ഭൂമി കൈമാറ്റത്തിന് ആധാർ കാർഡിന് പകരം പാൻ കാർഡ് മാത്രം ഉപയോഗിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നു.

കൃഷ്ണസ്വാമിയുടെ അവകാശപ്പെട്ട 2.96 ഏക്കർ ഭൂമിയിൽ അദ്ദേഹത്തിന്റെ മാതാവിനും ഭാര്യയ്ക്കും തണ്ടപ്പേര് ലഭിക്കാൻ അർഹതയുണ്ടായിരുന്നിട്ടും, അഗളി വില്ലേജ് ഓഫീസിൽ 1966-ലെ പോക്കുവരവ് ചട്ടങ്ങൾ പൂർണ്ണമായി നടപ്പാക്കാത്തത് വലിയ പ്രതിസന്ധിയായി. നിയമവിരുദ്ധമായി താൽക്കാലിക തണ്ടപ്പേരുകൾ നൽകുന്ന രീതിയാണ് ഇവിടെ തുടരുന്നത്. സെറ്റിൽമെന്റ് രജിസ്റ്ററോ ബി.ടി രജിസ്റ്ററോ സൂക്ഷിക്കാത്തതും, ഡിജിറ്റൽ റീസർവേ നടത്തുമ്പോൾ ഭൂവുടമകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയാത്തതും അട്ടപ്പാടിയിലെ റവന്യൂ സംവിധാനത്തിന്റെ പരാജയമാണ് വിളിച്ചോതുന്നത്.

2024 സെപ്റ്റംബർ 21-ലെ കാലയളവിൽ അഗളി വില്ലേജ് ഓഫീസിലും തഹസിൽദാർ ഓഫീസിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർക്കും ആധാരമെഴുത്തുകാർക്കും എതിരെ കർശനമായ വകുപ്പുതല അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. കൃഷ്ണസ്വാമിയുടെ മരണം അട്ടപ്പാടിയിലെ ഭരണകൂടത്തിന്റെ പരാജയത്തിന്റെ നേർചിത്രമാണെന്നും, റവന്യൂ ഉദ്യോഗസ്ഥർ ഭൂമാഫിയയ്ക്ക് ഒത്താശ ചെയ്തതാണ് കർഷകനെ മരണത്തിലേക്ക് തള്ളിയിട്ടതെന്നും റിപ്പോർട്ട് അടിവരയിടുന്നു.