വിദ്യാർഥിനിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ

ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപം വച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് ജസ്‍ലിയ ജോൺസൺ കൊല്ലപ്പെട്ടത്.

author-image
Vineeth Sudhakar
New Update
IMG_3143

അങ്കമാലിയിൽ വിദ്യാർഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. സിറിയക് ഒടുവിൽ പിടിയിൽ. വാഗമണ്ണിലെ ഒരു റിസോർട്ടിൽ താമസിക്കവെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഇയാളുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ വാഗമണ്ണിലാണെന്ന് തിരിച്ചറിഞ്ഞ പോലീസ്, രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിറിയക്കിനെ കസ്റ്റഡിയിലെടുത്തത്. അപകടം നടന്ന് ഏഴാം ദിവസമാണ് പ്രതി പിടിയിലാവുന്നത്. ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കസ്റ്റഡിയിലായ പ്രതിയെ ഉടൻ തന്നെ അങ്കമാലി പോലീസിന് കൈമാറും.

ഫെബ്രുവരി 28-ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപം വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജ് വിദ്യാർത്ഥിനിയായ ജസ്‌ലിയ ജോൺസൺ പാർട്ട്‌ടൈം ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് നടന്നുപോകുമ്പോൾ പിന്നിൽനിന്നെത്തിയ സിറിയക്കിന്റെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെ ഈ മാസം മൂന്നിന് മരണത്തിനു കീഴടങ്ങി. മരണശേഷവും തന്റെ അവയവങ്ങൾ ദാനം ചെയ്താണ് ഈ പെൺകുട്ടി മാതൃകയായത്. അപകടമുണ്ടാക്കിയ കാർ ആലപ്പുഴ തുറവൂരിൽനിന്നു കണ്ടെത്തിയിരുന്നെങ്കിലും സിറിയക്കിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

പ്രതിയെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചു എന്ന കുറ്റം ചുമത്തി സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അപകടശേഷം സിറിയക് പിതാവുമായി ഫോണിൽ സംസാരിച്ചിരുന്നതായി തെളിവ് ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. ചാലാക്ക മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായ ശേഷം ഹൗസ് സർജൻസി ചെയ്യുകയായിരുന്നു ഡോ. സിറിയക്. അപകടസമയത്ത് സിറിയക്കിനൊപ്പം കാറിലുണ്ടായിരുന്ന സഹപാഠി അക്ഷയ് കഴിഞ്ഞദിവസം അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. കോട്ടയത്തെയും ഇടുക്കിയിലെയും ബന്ധുവീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ വാഗമണ്ണിൽ നിന്നാണ് പ്രതി വലയിലായത്