/kalakaumudi/media/media_files/2026/03/07/img_3209-2026-03-07-20-49-43.jpeg)
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ആര്യവൈദ്യ ഫാര്‍മസി (എവിപി) സ്ഥാപകന്‍ പി.വി. രാമവാരിയരുടെ മകളും മുന്‍ മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി.കുട്ടിയെ (82) വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാമനാഥപുരം നഞ്ചുണ്ടപുരം റോഡിലെ അതീവ സുരക്ഷയുള്ള ‘പാര്‍സന്‍ നെസ്‌ലെ’ വില്ലയിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. കസ്തൂരിയെ ശുശ്രൂഷിക്കാനായി എത്തിയ നേപ്പാള്‍ സ്വദേശി സുര്‍ജയുടെ (38) നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൈകാലുകള്‍ ബന്ധിച്ചും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചും ശ്വാസം മുട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്ന സംഘം വീട്ടില്‍ നിന്ന് മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി കരുതുന്നു.
സംഭവദിവസം കസ്തൂരിയുടെ മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാര്‍ കുട്ടി വിദേശത്തായിരുന്നു. സിങ്കാനല്ലൂരില്‍ താമസിക്കുന്ന മകള്‍ സുജാത രാവിലെ പതിവുപോലെ ഫോണില്‍ വിളിച്ചിട്ടും അമ്മയെ കിട്ടാതായതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള വില്ലയില്‍ പുലര്‍ച്ചെ 12.20-ഓടെ മൂന്ന് യുവാക്കള്‍ മതില്‍ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഏകദേശം 12.56-ഓടെ വീട്ടുജോലിക്കാരി സുര്‍ജയും ഈ യുവാക്കളും വലിയ ബാഗുകളുമായി മതില്‍ ചാടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. മതില്‍ ചാടുന്നതിനിടെ താഴെ വീണുപോയ സുര്‍ജയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നാലുമാസം മുന്‍പ് ഒരു സ്വകാര്യ ഏജന്‍സി വഴിയാണ് സുര്‍ജ ഈ വീട്ടില്‍ ജോലിക്കെത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകവും കവര്‍ച്ചയും നടന്നതെന്ന് പൊലീസ് കരുതുന്നു. കോയമ്പത്തൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ജി. കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കസ്തൂരിയുടെ മകന്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷമേ വീട്ടില്‍ നിന്ന് മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. പ്രതികള്‍ക്കായി അന്തര്‍സംസ്ഥാന തലത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
