Representative Image
ഹരിപ്പാട് : ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന കടകളിലെത്തി മോഷണം നടത്തിവന്ന യുവാവ് പിടിയില്‍. അബ്കാരി കേസിലെ കൂട്ടുപ്രതിയും ഒപ്പം കുടുങ്ങി. മോഷണക്കേസില്‍ പള്ളിപ്പാട് നടുവട്ടം ജീവന്‍ വില്ലയില്‍ ജിന്‍സ് തോമസും(20) സുഹൃത്തും അബ്കാരി കേസിലെ കൂട്ടുപ്രതിയുമായ പള്ളിപ്പാട് ശരണ്‍ ഭവനില്‍ കിരണു(19)മാണ് പിടിയിലായത്. എറണാകുളം കടവന്ത്രയിലെ ഒരു വീട്ടില്‍ മറ്റു നാലുപേര്‍ക്കൊപ്പം താമസിക്കുന്നതിനിടെയാണ് ഹരിപ്പാട്ടുനിന്നുള്ള പോലീസ് സംഘം ഇരുവരെയും അറസ്റ്റുചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണിത്. പ്രതികളെ കോടതി റിമാന്‍ഡുചെയ്തു. കടകളിലെത്തി ലൈസന്‍സ് ചോദിച്ചാണ് ജിന്‍സ് തോമസ് പണം മോഷ്ടിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കടയുടമ ലൈസന്‍സ് എടുക്കുന്നതിനിടെ മേശയില്‍നിന്നു പണമെടുക്കും. അടുത്തിടെ കുമാരപുരം കവറാട്ട് ക്ഷേത്രത്തിനടുത്തുള്ള കടയില്‍ ഈ രീതിയില്‍ മോഷണം നടത്തിയിരുന്നു. ഹരിപ്പാട് നഗരത്തിലെ പല കടകളില്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ട്. മാന്നാര്‍, വള്ളികുന്നം പോലീസ് സ്റ്റേഷന്‍ പരിധികളിലും ജിന്‍സ് മോഷണം നടത്തിയിട്ടുണ്ട്. 5,000 രൂപയില്‍ കുറഞ്ഞ തുകയാണ് ഇയാള്‍ മോഷ്ടിക്കുന്നത്. ചെറിയ തുകയായതിനാല്‍ കച്ചവടക്കാര്‍ പരാതിയുമായി മുന്നോട്ടുപോകാറില്ല. ഈ സാഹചര്യമാണ് പ്രതി പ്രയോജനപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
