യു.പിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 26കാരി തൂങ്ങിമരിച്ച നിലയില്‍

രോഹിത് (23), ഭോല (45) എന്നിവരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു

author-image
Biju
New Update
death

ലക്‌നൗ:  തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് ആരോപിക്കപ്പെടുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലോണി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലെ ബധിരയും മൂകയുമായ 26 വയസ്സുകാരിയായ ദലിത് യുവതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 18 ന് ആയിരുന്നു യുവതിയെ മൂന്നു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

ചികിത്സയിലായിരുന്ന യുവതി ബുധനാഴ്ച രാത്രി ആശുപത്രി വിട്ടിരുന്നു. വീട്ടിലെ സീലിങ് ഫാനിലാണ് തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. രോഹിത് (23), ഭോല (45) എന്നിവരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു. കാര്‍പെറ്റ് വില്‍പ്പനക്കാരനായി ജോലി ചെയ്യുന്ന സ്ത്രീയുടെ പിതാവ് ലോണി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

മൂന്നാമത്തെ പ്രതിയെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോള്‍, സംഭവത്തില്‍ പ്രതിഷേധിച്ച് ബിഎസ്പിയിലെ നിരവധി പ്രാദേശിക പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പൊലീസ് സ്റ്റേഷനിലേക്കും ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി.