/kalakaumudi/media/media_files/2025/08/25/murder-2025-08-25-16-17-09.jpg)
കണ്ണൂര്‍: സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞ് ദര്‍ഷിത പോയത് മരണത്തിലേക്കായിരുന്നെന്ന ഞെട്ടലില്‍ ബന്ധുക്കളും അയല്‍വാസികളും. ഇരിക്കൂര്‍ കല്യാട്ടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയും മോഷണം പോയതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ വീട്ടിലെ മരുമകള്‍ കര്‍ണാടകയില്‍ കൊല്ലപ്പെട്ട വിവരം പൊലീസിന് ലഭിക്കുന്നത്.
കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദര്‍ഷിത (22) ആണു കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.
സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ ആറു വര്‍ഷമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സാലിഗ്രാമിലെ ലോഡ്ജിലെത്തിയ സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഡിറ്റനേറ്റര്‍ വായില്‍ വച്ച് പൊട്ടിച്ച് ദര്‍ഷിതയെ കൊലപ്പെടുത്തിയത്. ഫോണ്‍ പൊട്ടിത്തെറിച്ചുള്ള മരണമാക്കി മാറ്റാനായിരുന്നു സിദ്ധരാജുവിന്റെ ശ്രമമെന്നായിരുന്നു സൂചന.
കടം വാങ്ങിയ പണം തിരികെ ചോദിച്ചതും ദര്‍ഷിത ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. ഇലക്ട്രിക് ജോലികള്‍ അറിയാവുന്ന ആളാണ് സിദ്ധരാജു. കുട്ടിയെ കര്‍ണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദര്‍ഷിത സിദ്ധരാജുവിനൊപ്പം പോയത്.
വെള്ളിയാഴ്ച രാവിലെയാണ് കല്യാട്ടെ വീട്ടില്‍നിന്ന് മകള്‍ അരുന്ധതിയുമൊത്ത് ദര്‍ഷിത സ്വന്തം നാടായ കര്‍ണാടകയിലെ ഹുന്‍സൂര്‍ ബിലിക്കരെയിലേക്ക് പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണ വിവരം അറിയുന്നത്. ദര്‍ഷിതയുെട ഭര്‍ത്താവ് വിദേശത്താണ്. കല്യാട്ടെ വീട്ടില്‍ ദര്‍ഷിതയ്‌ക്കൊപ്പം ഭര്‍തൃമാതാവ് സുമതിയും ഭര്‍തൃ സഹോദരന്‍ സൂരജുമാണ് താമസം.
ഇരുവരും രാവിലെ ജോലിക്കു പോയി. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ദര്‍ഷിത സ്വന്തം നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞതായി സൂരജ് പറഞ്ഞു. പുറത്തു നിന്ന് ആരും വീട്ടില്‍ അതിക്രമിച്ചു കടന്നതിന്റെ ലക്ഷണം കണ്ടെത്താനായില്ല. തുടര്‍ന്ന് ദര്‍ഷിതയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഇന്നലെ ദര്‍ഷിത കൊല്ലപ്പെട്ട വിവരം പൊലീസിന് ലഭിച്ചു.
കരിക്കോട്ടക്കരി ഇന്‍സ്‌പെക്ടര്‍ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ കര്‍ണാടകയിലെത്തി. എന്നാല്‍ സിദ്ധരാജുവിനെ കേരള പൊലീസിന് ചോദ്യം ചെയ്യാനായില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. സ്വര്‍ണം മോഷ്ടിച്ചത് ദര്‍ഷിതയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായില്ല. പണവും സ്വര്‍ണവും എവിടെയാണെന്ന് കണ്ടെത്താനും സാധിച്ചിട്ടില്ല. സിദ്ധരാജുവിനെ ചോദ്യം ചെയ്താലെ കൂടുതല്‍ കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.