/kalakaumudi/media/media_files/2025/08/01/fire-2025-08-01-12-21-28.jpg)
ന്യൂഡല്‍ഹി: ഒഡീഷയിലെ പുരി ജില്ലയില്‍ അജ്ഞാതരായ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി തീകൊളുത്തിയെന്ന കേസിലെ ഇരയായ 15 വയസ്സുകാരി ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെണ്‍കുട്ടി മരിച്ച വിവരം ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി ശനിയാഴ്ച സ്ഥിരീകരിച്ചു. ജൂലൈ 19 നാണ് സംഭവം നടന്നത്. 75 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം പിപിലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ നല്‍കിയ ശേഷം പിന്നീട് ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റുകയായിരുന്നു.
ജൂലൈ 20 ന്, വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ആന്തരികാവയങ്ങള്‍ തകരാറിലായതാണ് മരണകാരണം.
മൂന്ന് അജ്ഞാതര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തീകൊളുത്തിയെന്ന് അമ്മയാണ് മൊഴി നല്‍കിയത്. ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഭാര്‍ഗവി നദിയുടെ തീരത്താണ് സംഭവം നടന്നതെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ മകളുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും പ്രതികളെ പിടികൂടി തക്കതായ ശിക്ഷ നല്‍കണമെന്നും പിതാവ് അഭ്യര്‍ഥിച്ചു.
അതേ സമയം സംഭവത്തില്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന ഒഡീഷ പൊലീസിന്റെ കണ്ടെത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.