/kalakaumudi/media/media_files/2025/07/29/dharmasthala-today-2025-07-29-14-49-09.jpg)
ധര്‍മസ്ഥല: ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം കിട്ടിയ ശരീര ഭാഗങ്ങളില്‍ അഞ്ചെണ്ണം പല്ലും ഒന്ന് താടിയെല്ലും രണ്ടെണ്ണം തുടയെല്ലുമാണെന്ന് നിഗമനം. ഇവ വിശദ പരിശോധനയ്ക്ക് ബെംഗളൂരുവിലെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും.
ശുചീകരണത്തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലെ പരിശോധനയുടെ മൂന്നാം ദിവസം തലയോട്ടിയടക്കം മനുഷ്യ അസ്ഥികൂടത്തിന്റെ 15 ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവ പുരുഷന്റേതാണെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. ശരീരാവശിഷ്ടങ്ങള്‍ ഒരാളുടേതു തന്നെയാണോ, പുരുഷന്റേതോ സ്ത്രീയുടേതോ എന്നൊക്കെ വിശദ പരിശോധനയ്ക്കു ശേഷമേ പറയാനാകൂ എന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
മംഗളൂരു -ധര്‍മസ്ഥലപാതയില്‍ നേത്രാവതി പാലത്തില്‍നിന്ന് 50 മീറ്റര്‍ മാത്രം മാറിയുള്ള സ്ഥലത്തുനിന്നാണ് ഇന്നലെ ഉച്ചയോടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടിയത്. തൊഴിലാളി ചൂണ്ടിക്കാണിച്ചതില്‍ ആറാമത്തെ സ്ഥലമാണിത്. ആദ്യ 2 ദിവസത്തെ തിരച്ചിലിലും ഒന്നും കണ്ടെത്തിയില്ല. അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാനായി മാറ്റി. കുഴിയിലെ മണ്ണും ശേഖരിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ശുചീകരണത്തൊഴിലാളി നടത്തിയതെങ്കിലും പുരുഷന്മാരുടെ മൃതദേഹവും കുഴിച്ചിട്ടതായി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങളില്‍ ഏഴു മുതലുള്ള സ്ഥലങ്ങളില്‍ കുഴിയെടുക്കുന്നത് ഇന്നു പുനരാരംഭിക്കും.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നായിരുന്നു മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.
1998 നും 2014 നും ഇടയില്‍ ധര്‍മസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താന്‍ കത്തിച്ചതെന്നാണ് ഇയാള്‍പൊലീസിനോട്പറഞ്ഞത്.