/kalakaumudi/media/media_files/2025/07/29/search-2025-07-29-14-28-38.jpg)
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തല്‍ നടത്തിയ സ്ഥലങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടം ലഭിച്ചാല്‍ എസ്‌ഐടി അതില്‍ നിന്ന് മണ്ണും എല്ലിന്റെ ഭാഗങ്ങളില്‍ നിന്ന് സാമ്പിളുകളും ശേഖരിക്കും. മൃതദേഹ അവശിഷ്ടം കിട്ടിയതിന് 20 മീറ്ററോളം ചുറ്റളവ് കെട്ടിയടച്ച് പരിശോധിക്കും. വസ്ത്രമോ മറ്റ് വസ്തുക്കളോ ഇവിടെ ഉണ്ടോ എന്നും പരിശോധന നടത്തും. സമീപപ്രദേശങ്ങളില്‍ പുതുതായി കാല്‍ അടയാളങ്ങള്‍ അവിടെ ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് എസ്‌ഐടിയുടെ നീക്കം.
ഫോറന്‍സിക് വിദഗ്ധരും ആന്ത്രോപോളജിസ്റ്റും ചേര്‍ന്നായിരിക്കും മൃതദേഹ അവശിഷ്ടം പരിശോധിക്കുക. മൃതദേഹത്തിന്റെ ലിംഗ പരിശോധനയും നടക്കും. പ്രായം, ഉയരം, അവശിഷ്ടത്തിന്റെ പഴക്കം, എല്ലിന്മേലുളള പാടുകള്‍ എന്നിവ ഉണ്ടോ എന്നും പരിശോധിക്കും. മൃതദേഹവശിഷ്ടത്തില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ എടുത്ത് സൂക്ഷിക്കും. പിന്നീട് വരുന്ന എല്ലാ മിസ്സിംഗ് പരാതികളിലെയും ബന്ധുക്കളുടെ ഡിഎന്‍എയും മൃതദേഹ അവശിഷ്ടത്തില്‍ നിന്ന് കിട്ടിയ ഡിഎന്‍എയും ഒത്തു നോക്കും. മൃതദേഹ അവശിഷ്ടം കിട്ടിയാല്‍ എല്ലാ പരിശോധനയും നടത്താന്‍ കോടതിയില്‍ നിന്ന് അനുമതി തേടിയിരിക്കുകയാണ് എസ്‌ഐടി സംഘം.