/kalakaumudi/media/media_files/2025/07/29/dharmasthala-today-2025-07-29-14-49-09.jpg)
ബെംഗളൂരു : ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ ഇടങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കുഴിച്ചു തുടങ്ങി.മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.കുഴിയെടുക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ പോലീസ് വാഹനത്തില്‍ നേത്രാവതി നദിക്കരയില്‍ എത്തിച്ചിട്ടുണ്ട്.ഫോറന്‍സിക് വിദഗ്ധര്‍, വനം ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍,ആന്റി-നക്സല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന വലിയ സംഘം കുഴിയെടുക്കാന്‍ ഉപകരണങ്ങളുമായി സ്ഥലത്തുണ്ട്.ധര്‍മസ്ഥലയില്‍ മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ 15 സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്.ഒമ്പതു മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്.പതിമൂന്നാമത്തെ സ്ഥലം നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്.എല്ലാ സ്പോട്ടുകളിലും എസ്ഐടി ഉദ്യോഗസ്ഥര്‍ ജിയോടാഗിങ് ചെയ്തിട്ടുണ്ട്.