/kalakaumudi/media/media_files/2025/11/21/dharmasthala-2025-11-21-21-25-10.jpg)
ബെംഗളുരു: ധര്‍മ്മസ്ഥലയിലെ കൂട്ടമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബെല്‍ത്തങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരനായ ചിന്നയ്യ ഉള്‍പ്പെടെ ആറ് പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ധര്‍മ്മസ്ഥലയില്‍ ലൈംഗികാതിക്രമത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട സ്ത്രീകളുടേത് ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ അവകാശവാദമാണ് കേസിന് ആധാരം.
ഇദ്ദേഹത്തിന്റെ ആരോപണങ്ങള്‍ പ്രാദേശിക ക്ഷേത്ര ഭരണാധികാരികളുമായി ബന്ധമുണ്ടെന്ന സൂചന നല്‍കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.
ചിന്നയ്യയുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് നേത്രാവതി നദിക്കരയിലെ വനപ്രദേശങ്ങളില്‍ എസ്.ഐ.ടി. പലതവണ ഖനനം നടത്തി.
രണ്ട് സ്ഥലങ്ങളില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തിരുന്നു. അടുത്തിടെ ബംഗ്ലഗുഡ്ഡെ വനമേഖലയില്‍ നിന്നും കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നാല് മാസത്തിനിടെ, സംഭവത്തിന്റെ ക്രമം നിര്‍ണയിക്കുന്നതിനും ഉള്‍പ്പെട്ട ഓരോ വ്യക്തിയുടെയും പങ്ക് വ്യക്തമാക്കുന്നതിനുമായി എസ്.ഐ.ടി. സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും പരിശോധിക്കുകയും നിരവധി തവണ ചോദ്യം ചെയ്യലുകള്‍ നടത്തുകയും ചെയ്തു.
മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവര്‍, ടി. ജയന്ത്, വിറ്റല്‍ ഗൗഡ, സുജാത, ചിന്നയ്യ എന്നിവരടക്കം ആറ് പേരെയാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 215 പ്രകാരം പ്രതിചേര്‍ത്തത്.
എല്ലാ സാങ്കേതിക, ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തി 3900 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
