/kalakaumudi/media/media_files/2025/08/23/dhar-2025-08-23-13-03-55.jpg)
ബെംഗളൂരു:ധര്‍മസ്ഥലയില്‍ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 1995-2014കാലഘട്ടത്തില്‍ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. വെളിപ്പെടുത്തിയ കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. മൊഴികള്‍ പലതും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കും.
ലൈംഗിക അതിക്രമത്തിനു വിധേയരാക്കി കൊലപ്പെടുത്തിയത് അടക്കം നിരവധി യുവതികളുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും മൃതദേഹം കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മജിസ്‌ട്രേറ്റിനു മൊഴിയും നല്‍കി. തൊഴിലാളി ചൂണ്ടിക്കാണിച്ച ഇടങ്ങള്‍ കുഴിച്ച് പരിശോധിച്ചപ്പോള്‍ രണ്ട് സ്ഥലത്തുനിന്ന് അസ്ഥി കഷ്ണങ്ങള്‍ ലഭിച്ചിരുന്നു. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സുജാത ഭട്ട് എന്ന യുവതി വെളിപ്പെടുത്തലുമായി എത്തിയതോടെയാണ് ആരോപണങ്ങള്‍ ചൂടുപിടിച്ചത്. 2003ല്‍ തന്റെ മകളെ ധര്‍മ സ്ഥലയില്‍ കാണാതായി എന്നായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് ആരോപണങ്ങള്‍ തെറ്റായിരുന്നു എന്ന് അവര്‍ തുറന്നു പറഞ്ഞു. സ്ഥലം കുഴിച്ചുള്ള പരിശോധനകള്‍ നടന്നതായും കൂടുതല്‍ പരിശോധനകള്‍ നടത്തണോയെന്ന് അന്വേഷണ സംഘം തീരുമാനിക്കുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തന്റെ മകള്‍ അനന്യയെ (18) 2003 മെയ് മാസത്തില്‍ ധര്‍മസ്ഥല സന്ദര്‍ശനത്തിനിടെ കാണാതായെന്നാണ് ഭട്ട് അവകാശപ്പെട്ടത്. അനന്യയും സുഹൃത്തുക്കളും ക്ഷേത്ര സമുച്ചയത്തിനു സമീപം ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാണാതായെന്നാണ് അവര്‍ ആരോപിച്ചത്. അനന്യയെ കാണാതായതിനെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. താന്‍ ആക്രമിക്കപ്പെട്ടെന്ന ആരോപണവും അവര്‍ ഉയര്‍ത്തി.
കൂട്ടമരണങ്ങളെക്കുറിച്ച് ശുചീകരണ തൊഴിലാളിയും വെളിപ്പെടുത്തിയതോടെ പ്രതിഷേധം ഉയര്‍ന്നു. കേസ് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. പിന്നീട് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ പറഞ്ഞ കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഭട്ട് വെളിപ്പെടുത്തുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും അവര്‍ പറഞ്ഞു.
ശുചീകരണ തൊഴിലാളി പറഞ്ഞത്
കര്‍ണാടകയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നാണു ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. 1995 നും 2014 നും ഇടയില്‍ ധര്‍മസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ താന്‍ കത്തിച്ചെന്നാണ് ഇയാള്‍ പറഞ്ഞത്. ധര്‍മസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്കു കീഴിലാണ് ഇയാള്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. കുറ്റബോധം തോന്നുകയും ഇരകള്‍ക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം പൊലീസിനെ സമീപിച്ചതെന്നും ശുചീകരണ തൊഴിലാളി പറഞ്ഞിരുന്നു.