ബാബ ഷെരീഫ് വധം; ഒന്നാംപ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ

രണ്ടാംപ്രതി ശിഹാബുദ്ദീന്6 വര്‍ഷവും 9 മാസവും ആറാം പ്രതിക്ക് മൂന്ന് വര്‍ഷവും 9 മാസവും തടവുമാണ് ശിക്ഷ. മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

author-image
Biju
New Update
sjyg

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫിനെ നിലമ്പൂരില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി. 

രണ്ടാംപ്രതി ശിഹാബുദ്ദീന്6 വര്‍ഷവും 9 മാസവും ആറാം പ്രതിക്ക് മൂന്ന് വര്‍ഷവും 9 മാസവും തടവുമാണ് ശിക്ഷ. മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു. 2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു. ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു. 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്. കേസില്‍ മാപ്പുസാക്ഷിയായ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി. 

കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ മുന്‍പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങള്‍ ഷൈബിന്‍ അഷ്റഫിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തു വന്നിരുന്നു.

 

malappuram