സ്ത്രീധന പീഡനം; മകളെ മടിയിലിരുത്തി സ്‌കൂള്‍ അധ്യാപികയുടെ ആത്മഹത്യ

സഞ്ജു മരിച്ചതിനുശേഷം, മൃതദേഹത്തെച്ചൊല്ലി മാതാപിതാക്കളും ഭര്‍ത്താവിന്റെ പിതാവും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍, പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി.

author-image
Biju
New Update
athmahathya

ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ സ്‌കൂള്‍ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ പിതാവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സഞ്ജു ബിഷ്ണോയി എന്ന യുവതി മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്തത്. മകള്‍ യശസ്വി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയാണ് സഞ്ജുവിന്റെ മരണം. വീട്ടില്‍ നിന്നും സഞ്ജുവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ സഞ്ജു, വീട്ടിലെ കസേരയില്‍ ഇരുന്നാണ് പെട്രോള്‍ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. സഞ്ജുവിന്റെ മടിയിലായിരുന്നു മകള്‍. ഇവര്‍ ആത്മഹത്യ ചെയ്യുന്ന സമയത്ത് ഭര്‍ത്താവോ ബന്ധുക്കളോ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് പുക ഉയരുന്നത് അയല്‍ക്കാരാണ് കണ്ടത്. അയല്‍ക്കാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് വീട്ടുകാരും പൊലീസും എത്തിയത്. 

സഞ്ജു മരിച്ചതിനുശേഷം, മൃതദേഹത്തെച്ചൊല്ലി മാതാപിതാക്കളും ഭര്‍ത്താവിന്റെ പിതാവും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍, പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് കൈമാറി. അമ്മയെയും മകളെയും ഒരുമിച്ചാണ് സംസ്‌കരിച്ചത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്.

ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവ്, ഭര്‍തൃ പിതാവ്, ഭര്‍തൃ മാതാവ് എന്നിവര്‍ക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗണപത് സിങ് എന്ന യുവാവിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഗണപത് സിങ്ങ് സഞ്ജുവിന്റെ ഭര്‍ത്താവിന്റെ സുഹൃത്താണ്. ഇയാളും ഭര്‍ത്താവും ചേര്‍ന്ന് സഞ്ജുവിനെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഗണപത് സിങ്ങിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)