ലഖ്നോ : ഉത്തര്‍പ്രദേശിലെ ദൃശ്യം സിനിമാ മോഡല്‍ കൊലപാതകം. സംഭവത്തില്‍ സംഗ്രേറ്റര്‍ നോയിഡയിലെ വ്യവസായിയായ അങ്കുഷ് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ശര്‍മയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കി 13-ാം ദിവസമാണ് പ്രതിയെ പിടികൂടിയത്.മോഹന്‍ലാലിന്റെ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പായ അജയ്ദേവ്ഗണ്‍ അഭിനയിച്ച ദൃശ്യവും മറ്റ് ക്രൈം സീരീസുകളും കണ്ടാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
ഒരു വ്യക്തി മുഖേനയാണ് അങ്കുഷ് ശര്‍മയെ പ്രവീ ണ്‍ ആദ്യമായി പരിചയപ്പെട്ടതെന്നും തന്റെ ഫ്ലാറ്റ് വില്‍ക്കാന്‍ വ്യവസായി തീരുമാനിച്ചിരുന്നതായും ഗ്രേറ്റര്‍ നോയിഡ ഡി.സി.പി സാദ് മിയ ഖാന്‍ പറഞ്ഞു. '1.20 കോടിക്ക് ഫ്ലാറ്റ് വില്‍ക്കാനുള്ള കരാറില്‍ ഇരുവരും ധാരണയായി. ആദ്യഗഡുവായി എട്ട് ലക്ഷം രൂപ അങ്കുഷിന് പ്രവീണ്‍ നല്‍കി. എന്നാല്‍ ഫ്ലാറ്റിന്റെ മതിപ്പുവില നേരത്തേ ഉറപ്പിച്ച തുകയേക്കാളും കൂടുതലുണ്ടെന്ന് അങ്കുഷിന് പിന്നീട് ബോധ്യമായതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പ്രവീണ്‍ അങ്കുഷിനെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഫ്‌ലാറ്റിന്റെ ബാക്കി പണം നല്‍കാമെന്ന് പറഞ്ഞ് അങ്കുഷിനെ അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് പ്രവീണ്‍ ഓഗസ്റ്റ് ഒമ്പതിനാണ് കൂട്ടിക്കൊണ്ടുപോയത്. വില്‍പന ഉറപ്പിച്ച അങ്കുഷിന്റെ ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ ഇരുന്ന് ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് പ്രവീണ്‍ അങ്കുഷിന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രിതന്നെ അങ്കുഷിന്റെ മൃതദേഹം ഇതേസ്ഥലത്ത് പ്രവീണ്‍ കുഴിച്ചിട്ടു. പിന്നീട് വ്യവസായിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരിഭിച്ചു. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.