തൃശ്ശൂര്‍: രാസലഹരിയുമായി പിടികൂടിയ ചാവക്കാട് സ്വദേശികളിലൂടെ പൊലീസ് നടത്തിയ വിദഗ്ധ അന്വേഷണം എത്തിയത് കേരളത്തിലേക്ക് രാസലഹരി കടത്തുന്ന ഹരിയാനയിലെ പ്രധാനിയിലേക്ക്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫാസല്‍പൂര്‍ സ്വദേശിയായ സീമ സിന്‍ഹയെ(52)യാണ് പിടികൂടിയത്. കേരളത്തിലേക്ക് രാസലഹരി കടത്തുന്നതില്‍ പ്രധാനിയും , രാജ്യത്തെ പലയിടങ്ങളിലേക്കും വിദേശത്തുനിന്നും മറ്റും ലഹരി എത്തിക്കുന്നയാളുമാണിവരെന്ന് പൊലീസ് പറയുന്നു.
ഫെബ്രുവരി 28-നാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് സ്വദേശികളായ ഫസല്‍, നെജില്‍ എന്നിവരെ 47 ഗ്രാം രാസലഹരിയുമായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയിരുന്നു. സംഭവത്തിന്റെ ഉറവിടം തേടിപ്പോയ അന്വേഷണസംഘം എത്തിയത് ബെംഗളൂരു കമ്മനഹള്ളിയിലുള്ള ഭരത് എന്ന കര്‍ണാടക സ്വദേശിയുടെ അടുത്ത്.
ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി, ഹരിയാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമായി. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സീമ സിന്‍ഹ എന്ന പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയയ്ക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെയും ഈസ്റ്റ് ഇന്‍സ്പെക്ടര്‍ എം.ജെ. ജിജോയുടെയും നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു.
പത്തോളം ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രഘു സുബ്രഹ്‌മണ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ഹരീഷ്‌കുമാര്‍, വി.ബി. ദീപക്, എം.എസ്. അജ്മല്‍, വി.ബി. ലിഷ, എം.സി. അഞ്ചിത എന്നിവരും ഉണ്ടായിരുന്നു.