ഓട്ടോയിലും വീട്ടിലും പരിശോധന: വിഴിഞ്ഞത്ത് യുവാക്കളിൽ നിന്നും കിട്ടിയത് 8.8 കിലോ കഞ്ചാവ്

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ നിന്നുമാണ് ആദ്യം കഞ്ചാവ് കിട്ടിയത്. പിന്നാലെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു.

author-image
Vishnupriya
New Update
arrest

തിരുവനന്തപുരം:  വഴിഞ്ഞത്ത് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട്‌ പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കരിമ്പിള്ളിക്കര സ്വദേശി അജീഷ് (33), പൂന്തുറ സ്വദേശി ഫിറോസ്ഖാൻ (36) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ നിന്നും വീട്ടിൽ നിന്നുമായി 8.898 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ നിന്നുമാണ് ആദ്യം കഞ്ചാവ് കിട്ടിയത്. പിന്നാലെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു.

നെയ്യാറ്റിൻകര എക്സൈസ് റേഞ്ച്   ഇൻസ്പെക്ടർ ജെ എസ് പ്രശാന്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ റെജികുമാർ, സുനിൽ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി, ജീനാ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

അതിനിടെ ഇടുക്കി അടിമാലിയിലും ഓട്ടോയിൽ കടത്തിയ കഞ്ചാവുമായി 3 പേർ പൊലീസിന്‍റെ പിടിയിലായി.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മച്ചിപ്ലാവിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഷമീർ, ജെറിൻ, ബൈജു എന്നിവരാണ് ആലുവയിൽ നിന്നെത്തിച്ച  ആറു കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

vizhinjam drug