യുഎസില്‍ ടെക്കി യുവതിയും മകനും കൊല്ലപ്പെട്ട കേസില്‍ 8 വര്‍ഷത്തിനുശേഷം ഭര്‍ത്താവിനെതിരെ കേസ്

ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ് കുറ്റവാളിയെന്ന് സംശയിച്ചിരുന്ന നസീര്‍ അഹമ്മദിനെതിരേ കുറ്റം ചുമത്തിയത്. സംഭവത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങിയ ഇയാളെ യുഎസിന് കൈമാറാനായി അന്വേഷണസംഘം അഭ്യര്‍ഥിച്ചിട്ടുണ്ട്.

author-image
Biju
New Update
dna

വാഷിങ്ടണ്‍: എട്ടുവര്‍ഷം മുന്‍പ് യു.എസില്‍ ഇന്ത്യക്കാരിയായ ടെക്കി യുവതിയെയും മകനെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. കേസില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇന്ത്യക്കാരനെതിരേ പൊലീസ് കുറ്റംചുമത്തി. 

ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ് കുറ്റവാളിയെന്ന് സംശയിച്ചിരുന്ന നസീര്‍ അഹമ്മദിനെതിരേ കുറ്റം ചുമത്തിയത്. സംഭവത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങിയ ഇയാളെ യുഎസിന് കൈമാറാനായി അന്വേഷണസംഘം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയും ഐടി ജീവനക്കാരിയുമായ ശശികല നാര(38) ആറുവയസ്സുള്ള മകന്‍ അനിഷ് നാര എന്നിവരാണ് കൊല്ലപ്പെട്ടത്. 2017 മാര്‍ച്ച് 23-നായിരുന്നു സംഭവം. ശശികലയുടെ ഭര്‍ത്താവ് ഹാനു നാരയുടെ സഹപ്രവര്‍ത്തകനായിരുന്ന ഐടി ജീവനക്കാരനായ നസീര്‍ ഹമീദാണ് കേസിലെ പ്രതി. ഇയാളും ഇന്ത്യക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. 

സംഭവം നടന്ന് എട്ടുവര്‍ഷത്തിന് ശേഷമാണ് നസീര്‍ ഹമീദിനെതിരേയുള്ള നിര്‍ണായകതെളിവുകള്‍ അന്വേഷണസംഘത്തിന് കിട്ടിയത്. ഇതോടെ പ്രതിയെന്ന് സംശയിച്ചിരുന്ന ഇയാള്‍ക്കെതിരേ കുറ്റംചുമത്തുകയായിരുന്നു.

ന്യൂജേഴ്സിയിലെ അപ്പാര്‍ട്ട്മെന്റിലാണ് ശശികലയെയും മകനെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തില്‍ നിരവധി തവണ കുത്തേറ്റതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് നടത്തിയ ഫൊറന്‍സിക് തെളിവെടുപ്പില്‍ രക്തക്കറകളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ ചിലത് കൊല്ലപ്പെട്ടവരുടേതല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ശശികലയുടെ ഭര്‍ത്താവിന്റേതല്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇതിനിടെയാണ് നസീര്‍ ഹമീദിലേക്ക് സംശയമുന നീളുന്നത്.

ഐടി കമ്പനിയായ കോഗ്‌നിസന്റില്‍ ഹാനു നാരയ്ക്കൊപ്പം ജോലിചെയ്തിരുന്നയാളാണ് നസീര്‍ ഹമീദ്. ഇന്ത്യയില്‍നിന്ന് വര്‍ക്ക് വിസയിലാണ് ഇയാള്‍ യുഎസിലെത്തിയത്. ഹാനു നാര താമസിച്ചിരുന്ന അതേ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലായിരുന്നു ഹമീദും താമസിച്ചത്. ഇരട്ടക്കൊലയ്ക്ക് മുന്‍പ് നസീര്‍ ഹമീദ് ഹാനു നാരയെ ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലും ഇയാളെ സംശയിക്കാന്‍ കാരണമായത്. എന്നാല്‍, കൊലപാതകം നടന്ന് ആറുമാസത്തിനുള്ളില്‍ നസീര്‍ ഹമീദ് യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങി.

ഇന്ത്യയില്‍ തിരിച്ചെത്തിയശേഷവും നസീര്‍ ഹമീദ് കോഗ്‌നിസെന്റില്‍ ജോലിചെയ്തുവരികയായിരുന്നു. ഇതിനിടെ, ഇന്ത്യയിലെ അധികൃതര്‍ വഴി നസീറിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാനായി യുഎസ് അന്വേഷണ ഏജന്‍സികള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ പ്രതി വിസമ്മതിച്ചു. ഇതോടെ 2024-ല്‍ കോടതി ഉത്തരവ് വഴി നസീര്‍ ഹമീദ് ജോലിചെയ്തിരുന്ന കോഗ്‌നിസന്റിനെ അധികൃതര്‍ സമീപിച്ചു. 

ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാനായി കമ്പനി നസീറിന് നല്‍കിയിരുന്ന ലാപ്ടോപ്പ് വിട്ടുനല്‍കണമെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ ആവശ്യം. ഇതനുസരിച്ച് നസീര്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് കമ്പനി വിട്ടുനല്‍കി. ഈ ലാപ്ടോപ്പില്‍നിന്നാണ് നസീറിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച രക്തക്കറയിലെ ഡിഎന്‍എയും ലാപ്ടോപ്പില്‍നിന്ന് കിട്ടിയ ഡിഎന്‍എയും ഒന്നാണെന്ന് വ്യക്തമായി. ഇതോടെ നസീര്‍ ഹമീദ് തന്നെയാണ് പ്രതിയെന്ന് അന്വേഷണ ഏജന്‍സികള്‍ ഉറപ്പിക്കുകയായിരുന്നു.

അതേസമയം, ശശികലയെയും കുഞ്ഞിനെയും കൊല്ലാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ശശികലയുടെ ഭര്‍ത്താവായ ഹാനു നാരയോടുള്ള വ്യക്തിവൈരാഗ്യമാകാം ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം. നിലവില്‍ നസീര്‍ ഹമീദിനെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാനുള്ള നടപടികള്‍ യുഎസ് അധികൃതര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ, നസീറിനെ കോഗ്‌നിസന്റ് കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിടുകയുംചെയ്തിരുന്നു.