/kalakaumudi/media/media_files/2026/01/30/elathur-2026-01-30-10-50-34.jpg)
കോഴിക്കോട്: എലത്തൂരിൽ ഒന്നിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിൽ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രതി വൈശാഖൻ പൊലീസ് കസ്റ്റഡിയിലാണ്.
പ്രതി വൈശാഖനെ പൊലീസ് ഇന്ന് സംഭവം നടന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി വൈശാഖനെ വിട്ടിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വൈശാഖൻ തന്റെ ഉടമസ്ഥതയിലുള്ള വ്യവസായസ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വൈശാഖൻ മൊഴി നൽകിയത്.
കൊലപാതകത്തിന് മുമ്പ് യുവതിക്ക് ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയിരുന്നു. തുടർന്ന് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഇരുവരും സ്റ്റൂളിൽ കയറി കുരുക്കിട്ടി. ഇതിനിടെ വൈശാഖൻ യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ആത്മഹത്യ എന്ന് ആദ്യം കരുതിയെങ്കിലും, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ പ്രധാന വഴിത്തിരിവായത്.യുവതി മരിച്ചെന്ന് ഉറപ്പായശേഷം വൈശാഖൻ ഭാര്യയെ വിളിച്ചു വരുത്തി. ഒരു യുവതി സ്ഥാപനത്തിൽ തൂങ്ങി നിൽക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഭാര്യയെ വിളിച്ചു വരുത്തിയത്.
തുടർന്നാണ് ഇരുവരും ചേർന്ന് യുവതിയെ കാറിൽ കയറ്റുന്നത്. ഈ സമയം ഏതാനും പേർ അവിടേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിച്ചശേഷം, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാനായിരുന്നു വൈശാഖൻ പദ്ധതിയിട്ടത്.
അതിനുമുമ്പേ തന്നെ പൊലീസ് സ്ഥലം സീൽ ചെയ്തതോടെയാണ് വൈശാഖന്റെ പദ്ധതി പാളിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
