/kalakaumudi/media/media_files/2025/12/08/chvara-2025-12-08-07-21-13.jpg)
ചവറ: കൊല്ലം ചവറയില്‍ വയോധിക കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറ വട്ടത്തറ കണിയാന്റയ്യത്ത് പരേതനായ ഉസ്മാന്റെ ഭാര്യ സുലേഖാ ബീവി (63) ആണ് മരിച്ചത്. വീടിനുള്ളിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
വൈകിട്ട് 7 മണിയോടെയാണ് സുലേഖാ ബീവിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. കാല് ചാക്കിനുള്ളിലേക്ക് കയറ്റിയ നിലയിലായിരുന്നു. സുലേഖ ബീവിയെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കട്ടിലിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ സുലേഖ ബീവിയുടെ മകള്‍ മുംതാസിന്റെ മകന്‍ ഷഹനാസ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പിടികൂടി ഇയാളെ പൊലീസില്‍ എല്‍പിക്കുകയായിരുന്നു. നേരത്തെ വധശ്രമക്കേസില്‍ പ്രതിയായ ഷഹനാസ് ലഹരിക്ക് അടിമയുമാണ്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഒട്ടേറെ കേസുകളില്‍ പ്രതിയായ ഷഹനാസ് വീട്ടില്‍ പ്രശ്‌നക്കാരനാണ്. പണം ആവശ്യപ്പെട്ടു വീട്ടില്‍ വഴക്കിടാറുണ്ട്. മുംതാസ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ഇവര്‍ വിവാഹത്തിനു പോയി തിരികെ എത്തിയപ്പോഴാണ് സുലേഖ ബീവിയെ കാണാതായത്. വൈകിട്ട് 3 മണിവരെ വീടിനു പുറത്ത് കണ്ടവരുണ്ട്. ഈ സമയം ഷഹനാസും വീട്ടില്‍ ഉണ്ടായിരുന്നു.
സുലേഖാ ബീവിയുടെ കൊലപാതകത്തിനു പിന്നാലെ മകള്‍ മുംതാസ് ആത്മഹത്യശ്രമവും നടത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കതക് തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു. സുലേഖ ബീവിയുടെ മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സക്കീര്‍ ഹുസൈന്‍ ഇവരുടെ മറ്റൊരു മകനാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
