/kalakaumudi/media/media_files/2025/02/14/3XWXORRcbdeSYR7giRwN.jpg)
pooja
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ച കേസില്‍ മുന്‍ ഐ.എ.എസ് പ്രബേഷണറി ഓഫിസര്‍ പൂജ ഖേദ്കര്‍ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് സുപ്രീംകോടതി മാര്‍ച്ച് 17വരെ നീട്ടി. കേസ് മാര്‍ച്ച് 17 ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. 2022ലെ യു.പി.എസ്.സി പരീക്ഷയുടെ അപേക്ഷയില്‍ ഒ.ബി.സി, വികലാംഗ ക്വാട്ട സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് ഖേദ്കറിനെതിരായ ആരോപണം.
ഖേദ്കര്‍ കൃത്രിമത്വം കാണിച്ചെന്ന് യു.പി.എസ്.സിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഖേദ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളി.
ഹൈക്കോടതി വിധിക്കെതിരെ ഖേദ്കര്‍ നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാന്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഡല്‍ഹി പൊലീസിന് കൂടുതല്‍ സമയം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ഖേദ്കറിന് കോടതി നിര്‍ദേശവും നല്‍കി. മുന്നാഴ്ചക്കുള്ളില്‍ കേസില്‍ മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത കോടതി ഉയര്‍ത്തിക്കാട്ടി. വ്യാജ ഐഡന്റിറ്റി കാണിച്ചുകൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ശ്രമിച്ചതിന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെ നിരവധി നടപടികള്‍ കമ്മീഷന്‍ ഖേദ്കറിനെതിരെ ആരംഭിച്ചു.