/kalakaumudi/media/media_files/2025/02/12/NBtrMmyWW13A2bYLztcY.jpg)
Sajjan Kumar
ന്യൂഡല്‍ഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്.
1984 നവംബറില്‍ ഡല്‍ഹി സരസ്വതി വിഹാറില്‍ കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് നടപടി. 18 ന് കേസില്‍ കോടതി വിധി പറയും. നിലവില്‍ സിഖ് കലാപകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സജ്ജന്‍ കുമാര്‍.
ജനക്കൂട്ടം സിങിനെയും മകനെയും കൊലപ്പെടുത്തി വീട് കൊള്ളയടിച്ച ശേഷം വീടിനു തീയിട്ടു എന്നാണ് കേസ്. സജ്ജന്‍ കുമാര്‍ ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് മാത്രമല്ല, അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.ഡല്‍ഹി കന്റോണ്‍മെന്റിലെ മറ്റൊരു സിഖ് വിരുദ്ധ കലാപ കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവനുഭവിക്കുകയാണ് സജ്ജന്‍ കുമാര്‍.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിന്റെ ഭാഗമായാണ് രാജ്യതലസ്ഥാനത്ത് 1984 നവംബറില്‍ സിഖ് വിരുദ്ധ കൂട്ടിക്കൊല അരങ്ങേറിയത്. സായുധരായ ജനക്കൂട്ടം സിഖുകാരുടെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും തീയിടുകയും സ്വത്തുവകകള്‍ നശിപ്പിക്കുകയും നിരവധി സിഖ് മത വിശ്വാസികളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുകയും ചെയ്തിരുന്നു.
എന്താണ് സിഖ് വിരുദ്ധ കലാപം?
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒക്ടോബറിലെ ആ ശപിക്കപ്പെട്ട ദിവസത്തില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ചീറിപ്പാഞ്ഞു പോകുന്ന ലിമോസിന്‍ കാറിലെ യാത്രക്കാരന്‍ വളരെ അസ്വസ്ഥനായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം; ഇന്ത്യയുടെ രാഷ്ട്രപതിയായ ഗ്യാനി സെയില്‍ സിങ്. യെമന്‍ സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം അശുഭകരമായ ഒരു വാര്‍ത്ത ലഭിച്ചതിനെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കി അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് വെടിയേറ്റു എന്നായിരുന്നു ആ ഞെട്ടിക്കുന്ന വാര്‍ത്ത.
ഇന്ദിരാഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്ന ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കുള്ള റോഡില്‍ എത്തിയപ്പോള്‍ സെയില്‍ സിങ്ങ് ഒരു അസാധാരണ കാഴ്ച കണ്ടു. റോഡിലൂടെ മുളവടിയില്‍ പിടിപ്പിച്ച കത്തുന്ന പന്തങ്ങളുമായി ആജാനബാഹുക്കളായ കുറെ പേര്‍ ആക്രമണോത്സുകരായി, സംഘമായി പോകുന്നത് കണ്ടു. തൊട്ടടുത്ത് ഒരു കാര്‍ കത്തിയെരിയുന്നതും ചുറ്റുമുള്ള കെട്ടിടങ്ങളില്‍ നിന്ന് കറുത്ത പുകയുയരുന്നതും സെയില്‍ സിങ്ങിന്റെ ശ്രദ്ധയില്‍ പെട്ടു. അതിഭീകരമായ നരനായാട്ടിന് ഡല്‍ഹി അരങ്ങാവാന്‍ പോകുകയാണെന്ന് അപ്പോള്‍ ആരും അറിഞ്ഞില്ല.
സിഖുകാരുടെ വിശുദ്ധ ആരാധനാലയമായ സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ സിഖ് സമുദായം പ്രതിഷേധിച്ചതോടെയാണ് 1984 ഒക്ടോബര്‍ 31 ന് പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ സിഖുകാരായ അവരുടെ സുരക്ഷാ ഭടന്‍മാര്‍ തന്നെ വെടിവച്ചു കൊന്നത്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്ന് ആരംഭിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇന്ത്യയിലെ രണ്ട് ശതമാനം മാത്രം വരുന്ന സിക്കുകാര്‍ക്കെതിരെ ഡല്‍ഹിയില്‍ സായുധ കലാപം പൊട്ടിപ്പുറപ്പെട്ടു. കൊല്ലപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മൃതശരീരം ഔദ്യോഗിക ബഹുമതിയോടെ കിടത്തിയ തീന്‍ മൂര്‍ത്തി ബംഗ്ലാവിനു മുന്നില്‍ ജനക്കൂട്ടം 'ഖൂന്‍ കാ ബദലാ ഖൂന്‍' (ചോരക്ക് പകരം ചോര) എന്ന കൊലവിളി മുഴക്കിയപ്പോള്‍ അധികാരികളും പോലീസും നോക്കി നിന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ ഇത് സംപ്രേക്ഷണം ചെയ്തു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സന്ദേശം വ്യക്തമായിരുന്നു. ഭരിക്കുന്നവരുടെ പിന്‍തുണ നിങ്ങള്‍ക്കുണ്ട്, തുടങ്ങിക്കോളൂ.
ന്യൂഡല്‍ഹിയുടെ സിരാകേന്ദ്രമായ കൊണാട്ട് പ്ലെയ്‌സില്‍ കലാപകാരികള്‍ കുതിച്ചെത്തി. റീഗല്‍ ബില്‍ഡിംഗിലെ പ്രശസ്തമായ ഒരു കട തീയിട്ടു. ഏറ്റവും പ്രശസ്തമായ ' റീന ഹോട്ടല്‍' അഗ്‌നിക്കിരയാക്കി. തീ ആളി പടര്‍ന്നു. ഒപ്പം കലാപകാരികളുടെ പ്രതികാരവും. പഹര്‍ഗഞ്ചിലെ ഏറ്റവും പ്രശസ്തമായ സിഖ് ഉടമസ്ഥതതയിലുള്ള 'സഹാനി പെയ്ന്റ്' ഷോപ്പില്‍ അതിക്രമിച്ച് കടന്ന കലാപകാരികള്‍ ഉടമകളായ നാല് സഹോദരങ്ങളെ മര്‍ദിച്ച് അവശരാക്കി കടയ്ക്ക് തീ കൊളുത്തി. ആ അഗ്‌നി ഗോളങ്ങളില്‍ അവര്‍ നാലു പേരും ചുട്ടു ചാമ്പലായി.
തെരുവുകളില്‍ സിക്കുകാരുടെ ഉടമസ്ഥതയിലുള്ള ടാക്‌സികള്‍ ആക്രമിച്ചു തീയിട്ടു. സംഭവ സ്ഥലത്തുള്ള ലാത്തിയേന്തിയ പോലീസുകാര്‍ അത് നോക്കി നിന്നതേയുള്ളൂ. 72 സിഖ് ഗുരുദ്വാരകളാണ് ഡല്‍ഹിയില്‍ മാത്രം അഗ്‌നിക്കിരയാക്കിയത്. അവയിലെ സ്വത്ത് കൊള്ളയടിച്ചു.
തോക്കും റിവോള്‍വറും കയ്യില്‍ വെക്കാന്‍ ലൈസന്‍സുള്ള സിഖുകാരുണ്ടായിരുന്നു. പോലിസുകാര്‍ അവ പിടിച്ചെടുത്ത് അക്രമികളെ വിവരം അറിയിച്ചു. പോലീസുകാര്‍ തന്നെ ഗുണ്ടകളേയും കൊലപാതകികളേയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടിറക്കി. ആളിപ്പടര്‍ന്ന ഈ വര്‍ഗീയ കലാപം നടക്കുമ്പോള്‍ തീവണ്ടികളില്‍ സഞ്ചരിക്കുന്ന ആര്‍മി യൂണിഫോമിലുള്ള സിക്കുകാര്‍ പോലും ആക്രമിക്കപ്പെട്ടു. അവരെ തീവണ്ടിയില്‍ നിന്ന് വലിച്ചിറക്കി കൊല ചെയ്തു. അവരില്‍ പലരും ഇന്ദിരാ ഗാന്ധിയുടെ മരണം പോലും അറിഞ്ഞിരുന്നില്ല. ഉത്തര്‍ പ്രദേശിലെ ഏറ്റവു വലിയ നഗരമായ കാണ്‍പൂരില്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ധനികരായ നിരവധി സിഖുകാര്‍ വധിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.
നവംബര്‍ 1 ന് മറ്റുള്ളവരെപ്പോലെ ആദരാജ്ഞലി അര്‍പ്പിക്കാര്‍ കുറെയധികം സിക്കുകാര്‍ തീന്‍ മൂര്‍ത്തി ഭവനില്‍ വന്നു. അപകടം അടുത്തു തന്നെയെന്നെയുണ്ടെന്ന് അവര്‍ അറിയാതെ പോയി. ക്യൂവില്‍ നിന്ന അവരെല്ലാം മണിക്കൂറുകള്‍ക്കകം അപ്രത്യക്ഷരായി. പിന്നെ അവരെ ആരും ജീവനോടെ കണ്ടില്ല.
പുതിയ പ്രധാനമന്ത്രി രാജിവ് ഗാന്ധി തന്റെ അമ്മയുടെ ശവസംസ്‌ക്കാരത്തിന് വന്ന അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. അന്നത്തെ അഭ്യന്തര മന്ത്രി പി വി നരസിംഹ റാവു അക്രമത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഡല്‍ഹി കത്തിയെരിയുന്ന ആ സമയത്ത് പാര്‍ലമെന്റിലെ ബിജെ പി നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് രണ്ട് കേന്ദ്ര മന്ത്രിമാരെ ഫോണില്‍ വിളിച്ച് ക്രമസമാധാനം തകര്‍ന്നെന്നും കലാപം പടര്‍ന്നുപിടിക്കും മുന്‍പ് പട്ടാളത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ടു.
ഉടനെ നിശാനിയമം പ്രഖ്യാപിക്കാമെന്നും പട്ടാളത്തെ വിളിക്കാമെന്നും മന്ത്രിമാര്‍ ഉറപ്പു നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
രാഷ്ട്രപതി ഭവനിലേക്ക് സഹായാഭ്യര്‍ഥനകള്‍ പ്രവഹിച്ചു. സെയില്‍ സിങ് രാജീവ് ഗാന്ധിയെ ഫോണില്‍ വിളിച്ച് ഉടന്‍ തന്നെ പട്ടാളത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു പക്ഷേ, തണുപ്പന്‍ പ്രതികരണമായിരുനു പുതിയ പ്രധാന മന്ത്രിയുടേത്. താന്‍ കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കയാണെന്നും മാത്രം പറഞ്ഞു. കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സെയില്‍ സിങ് തയ്യാറായെങ്കിലും അത് ബുദ്ധിപരമായ നീക്കമല്ലെന്ന് രാജീവ് ഗാന്ധി നിലപാടെടുത്തു.
ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചു. വെടിവെയ്ക്കുരുതെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫ്‌ലാഗ് മാര്‍ച്ച് മാത്രം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. അതൊന്നും കലാപകാരികള്‍ക്ക് തടസമായില്ല. അവര്‍ കൊല്ലപ്പെട്ടവരുടെ വസ്തുവകകള്‍ കൊള്ളയടിച്ചു. നവംബര്‍ 1 ന് പകലും രാത്രിയും അക്രമികള്‍ അഴിഞ്ഞാടി.
രാജിവ് ഗാന്ധി രാഷ്ടപതിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സിഖുകാരുടെ നേര്‍ക്ക് ആക്രമണമൊന്നും ഇപ്പോള്‍ നടക്കുന്നില്ലന്ന് പറഞ്ഞു. തുടര്‍ന്ന് രാഷ്ട്രപതിയായ സെയില്‍ സിങിന്റെ ഓഫീസിലേക്ക് സഹായാഭ്യര്‍ത്ഥനകളുടെ ഫോണ്‍ വിളി നിലച്ചു. അദ്ദേഹത്തിന് ആരോടും ബന്ധപ്പെടാനും പറ്റാതെയായി. കാരണം അദ്ദേഹത്തിന്റെ ടെലിഫോണ്‍ ലൈനുകള്‍ക്ക് അധികാരികള്‍ നിയന്ത്രണം എര്‍പ്പെടുത്തി.
ആ സമയത്ത് കോണ്‍ഗ്രസുകാരായ സിഖുകാരെപ്പോലും തെരുവില്‍ അക്രമികള്‍ വേട്ടയാടുകയായിരുന്നു. പദവിയോ ഉദ്യോഗമോ ഒന്നും ബാധകമായിരുന്നില്ല. സിക്കുകാരനാണോ? ഒന്നുകില്‍ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊല്ലും അല്ലെങ്കില്‍ ജീവനോടെ ദഹിപ്പിക്കും. പലയിടങ്ങളിലും സിഖുകാരെ 'അഗ്‌നി മാല്യം' അണിയിച്ചു. എന്നുവെച്ചാല്‍ കത്തുന്ന ടയര്‍ കഴുത്തിലണിയിച്ചു കൊല്ലുന്ന രീതി.
സ്ത്രീകളുടെ നേരെയുള്ള അക്രമം വിവരണാതീതമായിരുന്നു. ത്രിലോക് പുരിയില്‍ ബ്ലോക്ക് 32 ല്‍ നവംബര്‍ ഒന്നാം തിയതി രാവിലെ നാല്‍പ്പത്തഞ്ചുകാരിയായ ഗുര്‍ദിപ് കൗറിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം യുവാക്കള്‍ അവരുടെ ഭര്‍ത്താവിനെ വെട്ടി നുറുക്കി. പിന്നീട് മക്കളുടെ മുന്‍പില്‍ വെച്ച് അവരെ ബലാല്‍സംഗം ചെയ്ത ശേഷം നാല് മക്കളേയും വെട്ടികൊന്നു. മായിന കൗര്‍ എന്ന യുവതിയെ കലാപകാരികള്‍ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തു. ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും അവരുടെ മാനസിക നില അതോടെ തകരാറിലായി.
പ്രശസ്ത പത്രപ്രവര്‍ത്തകനായ ഖുഷ്വന്ത് സിങ് രാഷ്ട്രപതി സെയില്‍ സിങിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുഴപ്പങ്ങള്‍ അവസാനിക്കുന്നതു വരെ സുരക്ഷക്കായ് എതെങ്കിലും ഹിന്ദു സുഹൃത്തിന്റെ വസതിയിലേക്ക് മാറാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം കിട്ടി. ഒടുവില്‍ ഒരു സ്വീഡിഷ് നയതന്ത്രജ്ഞന്‍ കാറില്‍ വന്ന് ഖുഷ്വന്തിനേയും ഭാര്യയും അയാളുടെ വീട്ടിലേക്ക് കൊണ്ടു പോയി. മൂന്ന് ദിവസം അദ്ദേഹം അവിടെ കഴിഞ്ഞു. ആ നാളുകളില്‍ തന്റെ സ്വന്തം രാജ്യത്തില്‍ താന്‍ ഒരഭയാര്‍ഥി ആയതായി തോന്നിയെന്നു പിന്നിട് ഖുഷ്വന്ത് എഴുതി.
1984 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 4 വരെ നടന്ന കലാപത്തില്‍ മൂവായിരത്തിലധികം സിഖുകാര്‍ കൊല്ലപെട്ടതായാണ് സര്‍ക്കാര്‍ കണക്ക്. യഥാര്‍ത്ഥത്തില്‍ ഇത് പതിനെണ്ണായിരത്തോളം വരുമെന്ന് സ്വതന്ത്ര അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ഡല്‍ഹിയിലെ സിഖ് കലാപത്തെക്കുറിച്ച് സ്വതന്ത്രമായി അന്വേഷണം നടത്തിയ കക്ഷിരാഷ്ട്രീയമില്ലാത്ത സംഘടന പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പറയുന്നത് നിയമം നടത്തേണ്ട പോലീസ് സംഭവസ്ഥലങ്ങളില്‍ വന്നതേയില്ലെന്നാണ്. അനിഷ്ടസംഭവങ്ങള്‍ കാഴ്ചക്കാരെപ്പോലെ നോക്കി നിന്നു. എറ്റവും ഗുരുതരമായ കണ്ടെത്തല്‍ സിഖുകാര്‍ക്കെതിരെയായ ലഹളയില്‍ പോലീസ് നേരിട്ട് പങ്കെടുക്കുകയും അക്രമികളെ സഹായിക്കുകയും ചെയ്തു എന്നതാണ്. ജനക്കൂട്ടം 'ഖൂന്‍ കാ ബദലാ ഖൂന്‍' (ചോരക്ക് പകരം ചോര) എന്ന കൊലവിളി മുഴക്കിയതൊക്കെ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തതിനെ നിശിതമായി വിമര്‍ശിച്ചു.
കലാപം വ്യക്തമായി ആസൂത്രണം ചെയ്തവര്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ തന്നെയായിരുന്നു. എച്ച് കെ എല്‍ ഭഗത്, ലളിത് മാക്കന്‍, ജഗദിഷ് ടൈറ്റ്‌ലര്‍, ധരം ദാസ് ശാസ്ത്രി, സജ്ജന്‍ കുമാര്‍ തുടങ്ങിയവരൊക്കെ നേരിട്ട് പങ്കു വഹിച്ചവരാണെന്നത് തെളിവുകള്‍ സഹിതം വ്യക്തമായിരുന്നു. പിന്നീട് ഇവരൊക്കെ ഒരു കുഴപ്പവും കൂടാതെ ഉന്നത പദവികളില്‍ എത്തുകയും അധികാര കേന്ദ്രങ്ങളില്‍ സസുഖം ഭരണം നടത്തുകയും ചെയ്തു.
സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് ജി ടി നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കിക്കൊണ്ട് 2005-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ലോക്സഭയില്‍ പറഞ്ഞു: 'ഇരുപത്തിയൊന്ന് വര്‍ഷം പിന്നിട്ടിട്ടും സത്യം പുറത്ത് വന്നിട്ടില്ലെന്ന വിചാരം ഇപ്പോഴും നിലനില്‍ക്കുന്നു.'