/kalakaumudi/media/media_files/2025/03/05/Han0Njo25qHIHIw0zGvx.jpg)
മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറം മേല്‍മുറിയിലെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ അറസ്റ്റ് ചെയ്തു.
എം എസ് സൊല്യൂഷന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് വിവരം.
മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്യൂണാണ് പിടിയിലായ അബ്ദുല്‍ നാസര്‍. മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയാണ് ഇയാള്‍. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അബ്ദുല്‍ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയന്‍സ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാള്‍ ഫഹദിന് അയച്ചുകൊടുത്തത്.
ഫോണില്‍ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോര്‍ത്തിയത് അബ്ദു നാസര്‍ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും വ്യക്തമാക്കിയ ക്രൈം ബ്രാഞ്ച് എസ്പി വിദ്യാഭ്യാസ വകുപ്പിന് സംഭവത്തില്‍ പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി.