/kalakaumudi/media/media_files/2025/08/29/kasar-2025-08-29-14-59-54.jpg)
കാഞ്ഞങ്ങാട്: ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തതെന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാട്ടുകാരും പൊലീസും. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാകേഷ് ആരോഗ്യം വീണ്ടെടുത്ത് സംസാരിക്കാനായാല്‍ മാത്രമേ എന്താണ് കാരണം എന്ന് വ്യക്തമാകൂ. പറക്കളായി ഒണ്ടാംപുളിയിലെ കര്‍ഷകനായ എം. ഗോപി (58), ഭാര്യ കെ.വി. ഇന്ദിര (55), മൂത്ത മകന്‍ ഹൊസ്ദുര്‍ഗിലെ വ്യാപാര സ്ഥാപനത്തിലെ സെയില്‍സ്മാന്‍ രഞ്‌ജേഷ് (37) എന്നിവരാണ് മരിച്ചത്. ഇളയ മകന്‍ രാകേഷാണ് (35) ചികിത്സയിലുള്ളത്.
സാമ്പത്തിക ബാധ്യതയാണ് കൂട്ടമരണത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ജീപ്പില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാകേഷ് സംസാരിക്കാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നു. ആസിഡ് കഴിക്കാനുണ്ടായ സാഹചര്യം ആവര്‍ത്തിച്ച് ചോദിച്ചിട്ടും രാകേഷ് മറുപടി പറഞ്ഞില്ല.
ഗോപി നേരത്തെ പ്രവാസിയായിരുന്നു. രഞ്‌ജേഷും രാജേഷും ഗള്‍ഫിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് കാലത്താണ് ഇവര്‍ നാട്ടിലെത്തി തുളസി എന്ന പേരില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. എന്നാല്‍ ഇത് നഷ്ടത്തിലായതോടെ പൂട്ടി. പിന്നീട് രഞ്‌ജേഷ് കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ മൊത്തവ്യാപാര സ്ഥാപനത്തിലും രാകേഷ് കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ പലവ്യജ്ഞന കടയിലും ജോലിക്കു കയറി. ഭേദപ്പെട്ട വരുമാനം ഇരുവര്‍ക്കുമുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ ജോലിക്ക് പോയിരുന്നില്ല.
ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് രഞ്‌ജേഷ് വിവാഹം കഴിച്ചത്. ഏറെ നാള്‍ കഴിയുന്നതിന് മുന്‍പേ വിവാഹമോചനം നേടി. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരു തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നു. അതേ സമയം, ബാങ്കുകളിലെ വായ്പ തുക കൃത്യമായി അടച്ചുപോരുന്നുണ്ടായിരുന്നു. ഗോപിയുടെ വീടിനോട് ചേര്‍ന്നുള്ള സഹോദരിയുടെ സ്ഥലവും അടുത്ത കാലത്താണ് ഇവര്‍ വാങ്ങിച്ചത്. രണ്ടു ദിവസം മുന്‍പ് ഗോപി ബാങ്കില്‍ നിന്ന് 90,000 രൂപ പിന്‍വലിച്ചിട്ടുണ്ട്.
മികച്ച കൃഷിക്കാരനായിരുന്നു ഗോപി. ഇന്ദിര, ബീഡി തെറുപ്പ് ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി ഇവര്‍ ആരോടും പറഞ്ഞിട്ടുമില്ല. ഇതോടെയാണ് ആത്മഹത്യയുടെ കാരണം ദുരൂഹമായത്. എന്നാല്‍ ഇവര്‍ക്ക് എത്ര രൂപയുടെ കടമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ദിര പതിവില്ലാതെ ഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.
ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പുലര്‍ച്ചെ 2.15ന് രാകേഷ് സമീപത്തു താമസിക്കുന്ന പിതൃസഹോദരന്‍ നാരായണനെ ഫോണില്‍ വിളിച്ച് ആസിഡ് കുടിച്ച വിവരമറിയിച്ചു. നാരായണന്‍ എത്തുമ്പോള്‍ നാലുപേരും അവശനിലയിലായിരുന്നു.
ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗോപി യാത്രാമധ്യേ മരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴി ഇന്ദിരയും ആശുപത്രിയില്‍ വച്ച് രഞ്‌ജേഷും മരിച്ചു. റബര്‍ ഷീറ്റ് തയാറാക്കാന്‍ ഉപയോഗിക്കുന്ന ആസിഡാണ് നാലു പേരും കുടിച്ചതെന്ന് പൊലീസ് പറഞ്ഞു.