/kalakaumudi/media/media_files/2026/01/24/neyya-2026-01-24-08-24-37.jpg)
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ കുട്ടിയുടെ അച്ഛന്‍ അറസ്റ്റില്‍. കവളാകുളം സ്വദേശി ഷിജിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റില്‍ മര്‍ദ്ദിച്ചെന്നാണ് ഷിജിന്‍ പൊലീസിനോട് സമ്മതിച്ചത്. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചത് എന്നാണ് ഇയാളുടെ മൊഴി.
ശനിയാഴ്ചയാണ് കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെ മകന്‍ ഇഹാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുഞ്ഞിന്റെ മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ഉണ്ടായിരുന്നതിനാല്‍ മാതാപിതാക്കളെ പൊലീസ് മാറി മാറി ചോദ്യം ചെയ്തിരുന്നു. അടിവയറ്റില്‍ ഉണ്ടായ ക്ഷതത്തില്‍ നിന്നുണ്ടായ രക്തസ്രാവം മൂലമാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
ഇതിന് പിന്നാലെ ഷിജിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മര്‍ദ്ദിച്ചത് ഇയാള്‍ സമ്മതിച്ചത്. ഭാര്യയോടുള്ള പിണക്കത്തിന്റെ പുറത്താണ് കൊടും ക്രൂരത എന്നാണ് ഇയാളുടെ മൊഴി. കുഞ്ഞിനെ മടിയില്‍ ഇരുത്തി കൈ മുട്ട് കൊണ്ട് അടിവയറ്റില്‍ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലകുറ്റത്തിന് പൊലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു വയസുകാരന്‍ ഇഹാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പാതയും വന്നതും ചുണ്ടിന് നിര വ്യത്യാസം ഉണ്ടായതും സംശയത്തിന് ഇടയാക്കി. അച്ചന്‍ ഷിജിന്‍ കൊണ്ടുവന്ന ബിസ്‌കറ്റ് കഴിച്ചതിന് ശേഷമാണ് കുഞ്ഞ് കുഴഞ്ഞു വീണത് എന്നായിരുന്നു അമ്മയുടെ മൊഴി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സായിരിക്കെയായിരുന്നു കുട്ടി മരിച്ചത്. മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. കുഞ്ഞിന്റെ കൈയില്‍ ഉണ്ടായിരുന്ന പൊട്ടലും മാതാപിതാക്കള്‍ക്ക് വിശദീകരിക്കാനായില്ല. സംശയങ്ങള്‍ ബലപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അച്ഛന്റെ ക്രൂരത പുറത്ത് വന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
