ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികള്‍ പണം തട്ടിയെന്ന് സമ്മതിച്ചു

കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടല്‍ പ്രതികള്‍ സമ്മതിച്ചത്. 40 ലക്ഷത്തിന്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയിട്ടുളളത്.

author-image
Sneha SB
New Update
JEEVANAKKARIKAL

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികള്‍ കുറ്റം സമ്മതിച്ചു. കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടല്‍ പ്രതികള്‍ സമ്മതിച്ചത്. 40 ലക്ഷത്തിന്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയിട്ടുളളത്. തട്ടിയെടുത്ത പണം പ്രതികള്‍ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വര്‍ണം വാങ്ങാനും ഉപയോഗിച്ചെന്നും പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. രണ്ടാം പ്രതി രാധയുടെ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. 

കേസിലെ മൂന്ന് പ്രതികളില്‍ വിനീത, രാധാകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം  ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ജീവനക്കാരികള്‍ ക്യു ആര്‍ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി. ഇനി പിടികൂടാനുളള ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.