മല്‍ഹോത്ര പാക് ചാര; കുറ്റപത്രം സമര്‍പ്പിച്ചു

ഏറെ നാളുകളായി ജ്യോതി ചാരവൃത്തി നടത്തുകയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായും ബന്ധം പുലര്‍ത്തി

author-image
Biju
New Update
pak 78

ന്യൂഡല്‍ഹി: വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര പാക്ക് ചാരയാണെന്നതിനു ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. 2500 പേജുള്ള കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. ഡാനിഷിനെ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

ഏറെ നാളുകളായി ജ്യോതി ചാരവൃത്തി നടത്തുകയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായും ബന്ധം പുലര്‍ത്തി. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയതായി വ്യക്തമായതിനെ തുടര്‍ന്നാണ് ജ്യോതിയെ അറസ്റ്റു ചെയ്തത്. 

ജ്യോതി 'ട്രാവല്‍ വിത്ത് ജോ' എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തിയിരുന്നു. ഇതിന്റെ പേരില്‍ നിരവധി തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു. 2023ല്‍ ജ്യോതി ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ഓഫിസ് സന്ദര്‍ശിച്ചതായും അവിടെ വച്ച് ഹൈക്കമ്മിഷനിലെ ജീവനക്കാരനായ എഹ്‌സാന്‍ ഉര്‍ റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും ഹരിയാന പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

2023ലെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ അലി എഹ്വാന്‍ എന്നയാളെ ജ്യോതി കണ്ടുമുട്ടി. പാക്കിസ്ഥാനിലെ ജ്യോതിയുടെ താമസവും യാത്രയും ഏര്‍പ്പാടാക്കിയത് അലി ആയിരുന്നു. ഈ വ്യക്തിയാണ് ജ്യോതിക്ക് പാക്കിസ്ഥാന്‍ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി കൊടുത്തത്. പാക്കിസ്ഥാനില്‍ വച്ച് ഷാക്കിര്‍, റാണ ഷഹബാസ് എന്നീ ഉദ്യോഗസ്ഥരെ ജ്യോതി കണ്ടെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. പാക്കിസ്ഥാനില്‍നിന്നു മടങ്ങിയെത്തിയ ശേഷം, വാട്സാപ്പ്, ടെലഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി യുവതി ഇവരുമായി ബന്ധം തുടര്‍ന്നെന്നും എഫ്‌ഐആറിലുണ്ട്.

തന്റെ യുട്യൂബ് ചാനല്‍ വഴി ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതി പങ്കുവച്ചെന്നും സമൂഹമാധ്യമങ്ങളിലൂടെ പാക്കിസ്ഥാന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വിഡിയോ ചിത്രീകരണത്തിനായി ജ്യോതി കേരളവും സന്ദര്‍ശിച്ചിരുന്നു.