കിളികൊല്ലൂര്‍(കൊല്ലം): കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനു സമീപത്തെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണാമല യൂണിവേഴ്സിറ്റി നഗര്‍ ഐരാട്ടില്‍ തെക്കതില്‍ സുരേഷ്-സനൂജ ദമ്പതിമാരുടെ ഏകമകള്‍ നന്ദ(17)യാണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് വീടിനടുത്തുള്ള കുട്ടുകാരിയുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് പോയതാണെന്നാണ് വീട്ടുകാര്‍ പറയുന്നത് .രാത്രിയായിട്ടും കാണാതായതിനെ തുടര്‍ന്ന് അച്ഛന്‍ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെള്ളിയാഴ്ച ഉച്ചയോടെ അച്ഛനും നാട്ടുകാരും റെയില്‍വേ ട്രാക്കിനു സമീപം പരിശോധന നടത്തിയപ്പോള്‍ ഓടയ്ക്കു സമീപം ചെരിപ്പ് കണ്ടെത്തി. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കാടുമൂടിയ ഓടയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനു സമീപത്തെ ഉയര്‍ന്ന ഭാഗത്തെ വഴിയിലൂടെ നടന്നുപോകുമ്പോള്‍ കാല്‍വഴുതി താഴേക്കു വീണതാകാമെന്നു സംശയിക്കുന്നു. അന്വേഷണം നടത്തിവരുകയാണെന്ന് സ്ഥലം സന്ദര്‍ശിച്ച സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ പറഞ്ഞു. കോയിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് നന്ദ.