കുന്നംകുളം കസ്റ്റഡി മര്‍ദനം: എസ്‌ഐ അടക്കം നാലു പേരെ സസ്‌പെന്‍ഡ് ചെയ്യും

സുജിത്തിനെ മര്‍ദിച്ച കേസില്‍ എസ്‌ഐ നൂഹ്‌മാന്‍, സജീവന്‍, സന്ദീപ്, ശശീന്ദ്രന്‍ എന്നിവര്‍ക്കെതിരായാണു നടപടി. സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ട് ചെയ്തു.

author-image
Biju
New Update
PLC

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മര്‍ദിച്ച സംഭവത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിഐജി ഹരി ശങ്കര്‍ ശുപാര്‍ശ ചെയ്തു. നോര്‍ത്ത് സോണ്‍ ഐജി രാജ് പാല്‍ മീണയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. 

സുജിത്തിനെ മര്‍ദിച്ച കേസില്‍ എസ്‌ഐ നൂഹ്‌മാന്‍, സജീവന്‍, സന്ദീപ്, ശശീന്ദ്രന്‍ എന്നിവര്‍ക്കെതിരായാണു നടപടി. സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല ഇവര്‍ക്കെതിരെ കോടതി ക്രിമനല്‍ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണു സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈര്‍, നിലവില്‍ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ വകുപ്പുതല നടപടി സാധ്യമല്ല.

നടപടി സംബന്ധിച്ചു പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ചു നിയമ തടസം വന്നതാണു കാരണം. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ 'കടുത്ത നടപടി' വേണമെന്ന് ഡിഐജി ഹരി ശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് തുടര്‍ നടപടി എടുത്താല്‍ അത് തിരിച്ചടിക്കുമെന്ന് ആശങ്കയുയര്‍ന്നു. 

എന്നാല്‍ നിലവിലുള്ള നടപടി പുനഃപരിശോധിക്കുന്നതിന് കോടതിയിലെ കേസ് തടസമാകില്ലെന്ന് വാദമുണ്ട്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. 

കേസില്‍ ഒരിക്കല്‍ പൊലീസ് നടപടി എടുത്തിരുന്നു. ഇതു സംബന്ധിച്ച ക്രിമനല്‍ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പുതിയ സംഭവങ്ങളെ തുടര്‍ന്നു വീണ്ടും നടപടി എടുത്താല്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ മേല്‍ക്കോടതികളെ സമീപിക്കുമെന്ന് ആശങ്ക വന്നു. എന്നാല്‍ നടപടി പുനഃപരിശോധിക്കുന്നതിനും ഉയര്‍ത്തുന്നതിനും കോടതിയിലെ കേസ് തടസമാകില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തത്. 2023 ലാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനില്‍ മര്‍ദനമേറ്റത്. തുടര്‍ന്നു എസ്‌ഐ നൂഹ്‌മാന്‍, പൊലീസ് ഓഫിസര്‍മാരായ സന്ദീപ്, സജീവന്‍, ശശീന്ദ്രന്‍, ഷുഹൈര്‍ എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നു.

kerala police