മലയാറ്റൂരിലെ ചിത്രപ്രിയയും അലനും തമ്മില്‍ വഴക്ക് പതിവെന്ന് പൊലീസ്

കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യ കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു

author-image
Biju
New Update
chithalekha

മലയാറ്റൂര്‍: കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മില്‍ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യ കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു. 

ചിത്രപ്രിയയെ ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസിന്റെ അന്വേഷണം നടക്കുകയായിരുന്നു. അലന്റെ ബൈക്കില്‍ യുവതി കയറിപ്പോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അലനെ ചോദ്യം ചെയ്തുവെങ്കിലും ചിത്രപ്രിയയെ വൈകിട്ട് 6നു കാടപ്പാറയില്‍ ഇറക്കി വിട്ടുവെന്നാണ് പറഞ്ഞത്. തുടര്‍ന്ന് അലനെ വിട്ടയച്ചു. എന്നാല്‍ സിസി ടിവി ദൃശ്യം ലഭിച്ചപ്പോള്‍ ശനിയാഴ്ച രാത്രി 2 മണിയോടെ അലനും യുവതിയും മലയാറ്റൂര്‍ പള്ളിയുടെ മുന്നില്‍ വരുന്നതും പെണ്‍കുട്ടി അവിടെ ഇറങ്ങി നടക്കുന്നതും മറ്റൊരു ബൈക്കില്‍ വന്ന 2 പേര്‍ ഇവരോടു സംസാരിക്കുന്നതുമായ ദൃശ്യം ലഭിച്ചു.

തുടര്‍ന്ന് അലനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്. കൊലപാതകത്തില്‍ വേറെയാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. 

 ശനിയാഴ്ച വൈകിട്ട് മുണ്ടങ്ങാമറ്റത്തു നടന്ന ദേശവിളക്കില്‍ താലം എടുക്കുന്നതിനു പൂക്കളും താലവും സെറ്റ് മുണ്ടും ചിത്രപ്രിയ വീട്ടില്‍ തയാറാക്കി വച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തില്ല. ഇതേ സമയം വീട്ടില്‍ നിന്നിറങ്ങി കുറച്ചു ദൂരം നടന്ന് അലന്റെ ബൈക്കില്‍ കയറി പോയി എന്നാണ് വ്യക്തമാകുന്നത്.