സ്വര്‍ണക്കടത്തിന് 12 ലക്ഷം കമ്മിഷന്‍; നടി രന്യ റാവുവിന് 102 കോടി പിഴ

12.56 കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുമായാണു ഡിജിപി രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളായ രന്യ റാവു (31) വിമാനത്താവളത്തില്‍ പിടിയിലായത്. പൊലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

author-image
Biju
New Update
ranya

ബെംഗളൂരു: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയും നടിയുമായ രന്യ റാവുവിനു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) 102 കോടി രൂപ പിഴ ചുമത്തി. തരുണ്‍ കൊണ്ടരാജുവിനു 63 കോടിയും സാഹില്‍ സക്കറിയയ്ക്കും ഭരത് കുമാര്‍ ജെയിനിനും 56 കോടി വീതവും പിഴ ചുമത്തിയിട്ടുണ്ട്. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വര്‍ണവുമായി മാര്‍ച്ച് 3നാണു രന്യ അറസ്റ്റിലായത്.

രന്യ റാവു ഒരു വര്‍ഷത്തിനിടെ ദുബായിലേക്കു പോയത് 30 തവണയാണെന്നും കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതം കമ്മിഷന്‍ ലഭിച്ചിരുന്നതായും ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

12.56 കോടിയുടെ സ്വര്‍ണ ബിസ്‌കറ്റുമായാണു ഡിജിപി രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളായ രന്യ റാവു (31) വിമാനത്താവളത്തില്‍ പിടിയിലായത്. പൊലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ 2.06 കോടി രൂപയുടെ കറന്‍സിയും 2.67 കോടിയുടെ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. കേസില്‍ മൊത്തം 17.29 കോടിയുടെ വസ്തുക്കള്‍ കണ്ടെടുത്തു.

കിലോയ്ക്ക് 1 ലക്ഷം രൂപ വീതം ഓരോ ദുബായ് യാത്രയിലും 1213 ലക്ഷം രൂപയാണു രന്യ കമ്മിഷനായി നേടിയത്. ജാക്കറ്റുകള്‍, ബെല്‍റ്റ് എന്നിവയില്‍ ഒളിപ്പിച്ചാണു സ്വര്‍ണം കടത്തിയത്. 3ന് രാത്രി ദുബായില്‍ നിന്നെത്തിയ രന്യ ബെല്‍റ്റിലും ജാക്കറ്റിലുമായി 14.2 കിലോ സ്വര്‍ണം ഒളിപ്പിച്ചിരുന്നു. 

ആദ്യഭാര്യ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് രാമചന്ദ്ര റാവു പുനര്‍വിവാഹം ചെയ്ത ചിക്കമഗളൂരു സ്വദേശിനിയുടെ മകളാണു രന്യ. 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച മാണിക്യ (2014) സിനിമയിലൂടെയാണു രന്യ അഭിനയ രംഗത്തെത്തിയത്. തമിഴ് സിനിമയായ വാഗ (2014), കന്നഡയില്‍ പട്ടാക്കി (2017) എന്നിവയിലും അഭിനയിച്ചെങ്കിലും സമീപകാലത്ത് സജീവമായിരുന്നില്ല.