സാമ്പത്തിക തട്ടിപ്പ്; ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമ പിടിയില്‍

ഗോള്‍ഡന്‍വാലി നിധി എന്ന പേരില്‍ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ സ്ഥാപനം നടത്തിയിരുന്നത്. സ്വര്‍ണവായ്പയും സ്ഥിര അക്കൗണ്ടുകളും വഴി പണം സമാഹരിച്ചിരുന്നു

author-image
Biju
New Update
NIDHI

തിരുവനന്തപുരം: നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന കേസില്‍ ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമയെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപത്തെ സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണയെയാണ് പൊലീസ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്. രണ്ടാം പ്രതി എറണാകുളം കടവന്ത്ര എ.ബി.എം ടവേഴ്സില്‍ കെ.ടി.തോമസിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെന്നു തിരുവനന്തപുരം ഡിസിപി ടി.ഫറാഷ് അറിയിച്ചു.

ഗോള്‍ഡന്‍വാലി നിധി എന്ന പേരില്‍ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ സ്ഥാപനം നടത്തിയിരുന്നത്. സ്വര്‍ണവായ്പയും സ്ഥിര അക്കൗണ്ടുകളും വഴി പണം സമാഹരിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെയായി നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാത്ത അവസ്ഥയുണ്ടായി. നിക്ഷേപകര്‍ സമീപിച്ചപ്പോള്‍ സമയം നീട്ടിവാങ്ങി താരയും തോമസും മുങ്ങുകയായിരുന്നു. തുടര്‍ന്ന് നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. 

താരയും, ഭര്‍ത്താവ് രാധാകൃഷ്ണനും വിദേശത്തുനിന്ന് ബെംഗളൂരു വഴി വരുന്നുവെന്ന് ഡിസിപിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം താരയെ വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ തിരുമല, പട്ടം, ഹരിപ്പാട് ശാഖകള്‍ പൂട്ടിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. തൈയ്ക്കാട്, കാട്ടാക്കട, ആര്യനാട് ശാഖകളില്‍നിന്നു നിരവധി പേര്‍ക്ക് തുക തിരികെ നല്‍കാനുള്ളതായി പരാതികളും ഉണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് ആറു മാസം മുന്‍പ് മരവിപ്പിച്ചിരുന്നു. പ്രതിക്കെതിരെ കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം ആരംഭിച്ചതായി കാട്ടക്കട എസ്.എച്ച്.ഒ അറിയിച്ചു.