ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ
ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ റോഡിൽ ഇരുവിഭാഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി . കാറിലെത്തിയ രണ്ടംഗ സംഘമാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മെയ് 18ന് അർധരാത്രിയാണ് സംഭവം. കാറിലെത്തിയ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടുകയും പോർവിളി നടത്തുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാർ റിവേഴ്സ് എടുത്ത് എതിർ സംഘത്തിന്റെ കാറിൽ ഇടിക്കുന്നതു മുതലാണ് വിഡിയോ തുടങ്ങുന്നത്. പിന്നാലെ കാറിൽ നിന്ന് ആളുകൾ ഇറങ്ങി പരസ്പരം കല്ലെറിഞ്ഞും കത്തി വീശിയും പോര് നടത്തി. ശേഷം മുന്നോട്ട് പോയ കാർ വീണ്ടും തിരിച്ച് വന്ന് അടുത്ത കാറിൽ ഇടിക്കാൻ ശ്രമിക്കുന്നതും കാണാം. ഒരാളെ കാറിടിപ്പിച്ച് വീഴ്ത്തിയതിന് ശേഷം അയാളെ ആക്രമിക്കുന്നതും വിഡിയോയിലുണ്ട്.
സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറുപേരാണ് ആക്രമണത്തിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. ബാക്കി നാലുപേർ ഒളിവിലാണ്. പരസ്പരം ഏറ്റുമുട്ടിയവർ ഗുണ്ടകളാണെന്നാണ് നിഗമനം.