കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയില്‍ 6 മാസം പ്രായമായ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊല നടത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മൂമ്മ റോസിലി (60) യുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തിയേക്കും. മാനസിക വിഭ്രാന്തി നേരിടുന്ന സ്ത്രീയാണ് റോസിലി എന്നാണ് വിവരം. കുഞ്ഞിന്റെ കൊലപാതകത്തിനു പിന്നാലെ മനസിനു താളംതെറ്റിയ നിലയില്‍ കണ്ടെത്തിയ റേസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചെല്ലാനം ആറാട്ടുപുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡല്‍ന മരിയ സാറ. മാതാപിതാക്കള്‍ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തി.
ഇന്നു രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റോസിലിയുടെ അടുത്തു കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയി തിരിച്ചു വരുമ്പോള്‍ അനക്കമറ്റ നിലയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. വീട്ടിലെ ബഹളം കേട്ട് അയല്‍വാസികളടക്കം ഓടിയെത്തുമ്പോള്‍ ചോരയില്‍ കുളിച്ച കുഞ്ഞിനെ വാരിയെടുത്തു നില്‍ക്കുന്ന ആന്റണിയെയാണ് കണ്ടത്.
തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും കൂടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകകയായിരുന്നു. എന്തോ കടിച്ചതാണ് എന്നായിരുന്നു വീട്ടുകാരുടെ പ്രാഥമിക സംശയം. ഇക്കാര്യം ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് പൊലീസ് വീട്ടുകാരുടേയും അയല്‍ക്കാരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. റോസിലി മാനസിക വിഭ്രാന്തി നേരിടുന്നയാളാണെന്ന് ഇതിനിടെയാണ് പൊലീസ് മനസിലാക്കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് റോസിലി തന്നെ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു. ഈ സംഭവവികാസങ്ങള്‍ നടക്കുമ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസിലിയെ ആശുപത്രിയിലേക്ക് മാറ്റി. നാളെ ഇവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മാനസിക വിഭ്രാന്തിയാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിനു പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
